Connect with us

Gulf

വി പി എസ് ഗ്രൂപ്പും സിയോള്‍ സെന്റ് മേരീസ് കൊറിയയും ധാരണയായി

Published

|

Last Updated

ഡോ. ശംസീര്‍ വയലില്‍ അബുദാബിയില്‍
വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: അര്‍ബുദം മുന്‍കൂട്ടി കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിന് കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയോള്‍ സെന്റ്‌മേരീസ് ഹോസ്പിറ്റലുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ധാരണയായി. അര്‍ബുദം മുന്‍കൂട്ടി കണ്ടെത്തി അനുയോജ്യമായ ചികിത്സാ രീതികള്‍ ചെയ്യുന്നതിനായുള്ള നവീന സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വി പി എസ് ഹെല്‍ത്ത് കെയര്‍ എം ഡി ഡോ. വി പി ശംസീര്‍ വയലില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അസുഖം മുന്‍കൂട്ടി കണ്ടെത്തി പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുക എന്ന ആശയമാണ് പുതിയ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മാളുകള്‍ കേന്ദ്രീകരിച്ച് വിദഗ്ധര്‍ ഉള്‍കൊള്ളുന്ന ഹെല്‍ത്ത് പ്രൊമോഷന്‍ കേന്ദ്രങ്ങളും അതിലൂടെ ബോധവത്കരണവും ചികിത്സയും നടത്തും. മെഡിക്കല്‍ ടൂറിസം രംഗത്തും പുതിയ സംരംഭം പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അബുദാബിയില്‍ മറീന മാളിലാണ് ആദ്യ കേന്ദ്രം ആരംഭിക്കുക. അതോടൊപ്പം മെയ്ദാന്‍ ഹെല്‍ത് കെയറുമായി ചേര്‍ന്നും പ്രവര്‍ത്തിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈ ആസ്ഥാനമാക്കിയും ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആരംഭിക്കും. ഇതിന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വി പി എസ് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ ഡോ. അലി ഉബൈദ് അല്‍ അലി, സിയോള്‍ സെന്റ് മേരീസ് ഹോസ്പിറ്റല്‍ പ്രസിഡന്റ് ഡോ. കിബേസിയുംഗ്, സിയോള്‍ സെന്റ് മേരീസ് അര്‍ബുദ വിഭാഗം തലവന്‍ ഡോ. ഹോജീയൂണ്‍ ചൂന്‍ പങ്കെടുത്തു.

 

Latest