യുവതിയുടെ മരണം; ശാസ്ത്രീയ പരിശോധന വേണമെന്ന് അന്വേഷണ സംഘം

Posted on: August 12, 2014 10:25 am | Last updated: August 12, 2014 at 10:25 am

എടപ്പാള്‍:  ചികിത്സകള്‍ കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ സയന്റിഫിക് പരിശോധന ആവശ്യപ്പെട്ട് അന്വേഷണ സംഘം.
മാറഞ്ചേരി കൊടാട്ടില്‍ നിഷാദിന്റെ ഭാര്യ ഫര്‍സാനയുടെ മരണവുമായി ബന്ധപ്പെട്ടാണ് മന്ത്രവാദം നടന്നതായി ആരോപണം ഉയര്‍ന്ന വീട്ടില്‍ സയന്റിഫിക് പരിശോധന നടത്തണമെന്നാവശ്യം അന്വേഷണ സംഘം ഉന്നയിച്ചിരുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് ഫര്‍സാനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ചത്.
അവിടെ നിന്നും നേരെ കാലടി മൂര്‍ച്ചറിയിലുള്ള നിഷാദിന്റെ പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്കാണ് കൊണ്ടുവന്നതെന്നും ഇവിടെ വെച്ച് മന്ത്രവാദം നടന്നതായും ആരോപണമുണ്ട്.  ഇവിടെയെത്തിയ ഫര്‍സാനയുടെ ബന്ധുക്കളാണ് അതീവ ഗരുതുരാവസ്ഥയില്‍ കണ്ട ഫര്‍സാനയെ എടപ്പാള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.
എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  ഫര്‍സാനയെ മന്ത്രവാദത്തിന് വിധേയമാക്കിയെന്ന ആരോപണമുയര്‍ന്ന മൂര്‍ച്ചറിയിലെ വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഈ വീട്ടില്‍ സയന്റിഫിക് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം തൃശൂര്‍ സയന്റിഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി.
ഇതിനിടയില്‍ ഫര്‍സാനയുടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിയിലുള്ള ഒരു മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയതായും അവിടെ ഫര്‍സാനയുടെ സാന്നിധ്യത്തില്‍ ഒരു ദിവസം മന്ത്രവാദം നടത്തിയ ശേഷമാണ് ഫര്‍സാനയെ മൂര്‍ച്ചറിയിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട.്