ബൈപ്പാസ് നിര്‍മാണം: രാപകല്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം

Posted on: August 12, 2014 10:19 am | Last updated: August 12, 2014 at 10:19 am

CALICUT-KOZHIKODEകോഴിക്കോട്: കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെ ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ സി എ ലത നിര്‍ദേശിച്ചു. റവന്യൂ, മൈനിംഗ് ആന്‍ഡ് ജിയോളജി, പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകള്‍ മണ്ണ്, മെറ്റല്‍ തുടങ്ങിയ സാമഗ്രികള്‍ എത്തിക്കുന്നതില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. ഒപ്പം ബൈപ്പാസിനോട് ബന്ധിപ്പിക്കുന്ന റോഡുകള്‍, കോരപ്പുഴ, പുറക്കാട്ടിരി പുഴകള്‍ക്ക് കുറുകെ നിര്‍മിക്കുന്ന പാലങ്ങള്‍ എന്നിവയുടെയും നിര്‍മാണത്തിനാവശ്യമായ പ്രാരംഭ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
എസ്‌കവേറ്റര്‍, റോളര്‍, ക്രെയിന്‍, ഡോസര്‍ തുടങ്ങിയ ഹെവി മെഷീനുകളും വിവിധ റോഡുകളിലൂടെ തടസ്സമില്ലാതെ എത്തിക്കുന്നതിന് സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. ബൈപ്പാസ് പോകുന്നയിടങ്ങളിലെ പൈപ്പ് ലൈനുകള്‍ വാട്ടര്‍ അതോറിറ്റിയും ടെലിഫോണ്‍ ലൈനുകള്‍ ബി എസ് എന്‍ എല്ലും വൈദ്യുതി ലൈനുകള്‍ കെ എസ് ഇ ബി യും മാറ്റി സ്ഥാപിക്കും.
വിവിധ പഞ്ചായത്തുകള്‍ ആവശ്യമായ പിന്തുണ നല്‍കും. പ്രവര്‍ത്തികളുടെ പുരോഗതി അപ്പപ്പോള്‍ നാഷനല്‍ ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തി ജില്ലാ കലക്ടറെ അറിയിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ മിഷന്‍ 676 പദ്ധതിയില്‍പെട്ട പ്രവര്‍ത്തിയായതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നിര്‍മാണ ഏജന്‍സിയായ ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി 24 മാസം സമയപരിധിയിരിക്കെ 18 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കെ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രത്യേകമായ സന്നദ്ധത പ്രകടിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.