കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്റെ മൃതദേഹം പുറത്തെടുത്തു

Posted on: August 12, 2014 12:38 am | Last updated: August 12, 2014 at 12:38 am
borewell fall rescue work_0
കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യം. ഇന്‍സെറ്റില്‍ മരിച്ച തിമ്മണ്ണ ഹട്ടി

ബഗല്‍കോട്ട് (കര്‍ണാടക): കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ തിമ്മണ്ണ ഹട്ടിയുടെ മൃതദേഹം പുറത്തെടുത്തു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. എട്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും തിമ്മണ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല. 300 അടി താഴ്ചയുള്ള കിണറിന്റെ ഏതാണ്ട് 172 അടി താഴ്ചയില്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ ഞായറാഴ്ചയാണ് തിമ്മണ്ണ സുളിക്കേരി ഗ്രാമത്തിലെ സ്വന്തം പിതാവിന്റെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ വീണത്. ഒരാഴ്ചക്കു ശേഷവും കുട്ടിയെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
മരണം വ്യാഴാഴ്ച തന്നെ ഡോക്ടര്‍മാര്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയുടെയടക്കം 500 ഓളം പേരാണ് കുട്ടിയെ രക്ഷിക്കാനായി രംഗത്തുണ്ടായിരുന്നത്.
മകന്‍ മരിച്ചെന്നും അവന്റെ മൃതദേഹം പുറത്തെടുക്കാന്‍ തന്റെ ഉപജീവനമാര്‍ഗമായ കൃഷി ഭൂമി നശിപ്പിക്കരുതെന്നും തിമ്മണ്ണയുടെ പിതാവ് ഹനുമന്ത ഹട്ടി നേരത്തെ സര്‍ക്കാറിന് പരാതി എഴുതി നല്‍കിയിരുന്നു. മൃതദേഹം പുറത്തെടുത്തതിനാല്‍ കുഴി മൂടുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.