Connect with us

International

പാക് സര്‍ക്കാറിനെതിരെ അട്ടിമറി പ്രക്ഷോഭത്തിന് ത്വാഹിറുല്‍ ഖാദിരി

Published

|

Last Updated

ലാഹോര്‍: പാക് സര്‍ക്കാറിനെതിരെ അട്ടിമറി പ്രക്ഷോഭത്തിന് പാക്കിസ്ഥാനിലെ പ്രമുഖ പണ്ഡിതനായ താഹിറുല്‍ ഖാദിരിയുടെ ആഹ്വാനം. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് വന്‍ പ്രക്ഷോഭം നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇതേ ദിവസം തന്നെ പാക് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനും തലസ്ഥാനത്ത് വന്‍ പ്രക്ഷോഭം നടത്തുന്നുണ്ട്. തനിക്കും അനുയായികള്‍ക്കും നേരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ഖാദിരി പതിനായിരങ്ങളെ അണിനിരത്തുന്ന വന്‍ പ്രക്ഷോഭ രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ പോലീസുകാരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഖാദിരിക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് ലാഹോറില്‍ വിളിച്ചുകൂട്ടിയ വന്‍ പ്രതിഷേധ യോഗത്തിലാണ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പോരാട്ട രംഗത്തിറങ്ങാന്‍ അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തത്. സര്‍ക്കാറിനെ മറിച്ചിടാന്‍ തങ്ങളും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും യോജിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖാദിരിയുടെ അനുയായികളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരന് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വധശ്രമം, രാജ്യദ്രോഹം തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. പലരെയും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ലാഹോറില്‍ ഖാദിരിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള റോഡ് ഗതാഗതം ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച സംഘര്‍ഷം ഉടലെടുത്തത്. കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച അനുയായികള്‍ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചു. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അനുയായികള്‍ പല സ്ഥലങ്ങളിലും പോലീസുമായി ഏറ്റുമുട്ടി. മൂന്ന് ദിവസമായി വിവിധ സ്ഥലങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടലുകളുണ്ടായി. “ഒരു വിപ്ലവത്തിന് വേണ്ടി ഇവിടെത്തന്നെ തുടരുക. ഈ വിപ്ലവം മാറ്റത്തിന് വേണ്ടിയുള്ളതാണ് ” ഇന്നലെ ലാഹോറില്‍ നടന്ന പാര്‍ട്ടി അനുയായികളുടെ പ്രതിഷേധ യോഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പോലീസുകാരന്റെ മരണത്തില്‍ തനിക്കുള്ള പങ്ക് ഖാദിരി നിഷേധിച്ചു.

Latest