Connect with us

International

ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി ഇസ്‌റാഈല്‍

Published

|

Last Updated

ഗാസ സിറ്റി/അങ്കാറ/ ജറുസലം: ഈജിപ്ത് മുന്നോട്ട് വെച്ച 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്‌റാഈലും ഫലസ്തീനും അംഗീകരിച്ചു. ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ക്ക് ഇസ്‌റാഈല്‍ പ്രതിനിധികള്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുകയും യുദ്ധം വീണ്ടും ആരംഭിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ സംഘം മാത്യരാജ്യത്തേക്ക് മടങ്ങിയിരുന്നു. ഫലസ്തീനിലെ വിമത വിഭാഗം ഈജിപ്തിന്റെ നിര്‍ദേശം സ്വീകരിച്ചതായും കൈറോയിലെ ചര്‍ച്ചകള്‍ തുടരുമെന്നും ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ വിജയിപ്പിച്ച് ഇരു വിഭാഗവും പരോക്ഷ ചര്‍ച്ചകള്‍ തുടങ്ങണമെന്നും അത് ശാശ്വതമായ വെടിനിര്‍ത്തല്‍ കരാറില്‍ അവസാനിപ്പിക്കണമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലില്ലാതെ ഇസ്‌റാഈല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും റോക്കറ്റ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇസ്‌റാഈല്‍ സൈന്യം ഗാസ വിടില്ലെന്നുമാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍ഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. തീരദേശ അധീശത്വവും ഗാസ തുറമുഖം തുറക്കണമെന്ന ആവശ്യവുമാണ് ഹമാസ് മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ ഭാവിയില്‍ നടന്നേക്കാവുന്ന സുസ്ഥിര സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകളിലേ ഇത് പരിഗണിക്കാനാകുവെന്നായിരുന്നു ഇസ്‌റാഈലിന്റെ നിലപാട്. അതേ സമയം ഞായറാഴ്ച നടന്ന ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ ഒരു കുട്ടിയും സത്രീയുമടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഞായറാഴ്ച രാത്രിയോടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഗാസയില്‍ ജനജീവിതം വീണ്ടും സജീവമായി. ഗാസ നഗരത്തില്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും തുറന്നതോടെ ഇന്നലെ രാവിലെ തന്നെ ജനങ്ങള്‍ ഇവിടേക്കൊഴുകിയെത്തി. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്ത പലരും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും തങ്ങളുടെ വീടുകള്‍ക്ക് എന്തു സംഭവിച്ചു എന്ന ആകാംക്ഷയിലാണ്.
അതേ സമയം ഗാസയില്‍നിന്ന് പരുക്കേറ്റവരെ ചികിത്സക്കായി തുര്‍ക്കിയിലേക്ക് കൊണ്ടുവരുന്നത് ആരംഭിച്ചതായി തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. അതേ സമയം ഇസ്‌റാഈലില്‍നിന്നും ഒരു കുട്ടിയുള്‍പ്പെടെ പരുക്കേറ്റ നാല് പേരുമായി തുര്‍ക്കിയുടെ എയര്‍ ആംബുലന്‍സ് പുറപ്പെട്ടതായി തുര്‍ക്കിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ടുള്ള വാര്‍ത്ത വന്ന ശേഷമാണ് ഉര്‍ദുഗാന്‍ പ്രഖ്യാപനം നടത്തിയത്. ഗാസയില്‍ ഗുരുതരമായി പരുക്കേറ്റവരെ കൊണ്ടുവരാനായി ഒരു വ്യോമ പാത സജ്ജീകരിക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദവ്തൗഗ് പറഞ്ഞിരുന്നു.