Connect with us

Kollam

രണ്ടാം ദിവസവും വാതക ചോര്‍ച്ചയുണ്ടായതായി എ ഡി ജി പി

Published

|

Last Updated

കൊല്ലം; കെ എം എം എല്ലില്‍ വാതക ചോര്‍ച്ച നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും വ്യക്തമായ നിഗമനത്തിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സാങ്കേതിക വിദഗ്ധര്‍ക്കോ കഴിയുന്നില്ല. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന ആരോപണം ശക്തമായിരിക്കെ അട്ടിമറിയാണോ സാങ്കേതിക തകരാറാണോ വാതക ചോര്‍ച്ചക്ക് പിന്നിലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ് അന്വേഷണ സംഘം. എന്നാല്‍ ഇന്നലെ കമ്പനി മാനേജിംഗ് ഡയറക്ടറെയും സാങ്കേതിക ഉപദേശകനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു.

അതേസമയം രണ്ടാം ദിവസവും കെ എം എം എല്ലില്‍ വാതക ചോര്‍ച്ചയുണ്ടായതായി അന്വേഷണ സംഘം വ്യക്തമാക്കി. എ ഡി ജി പി. എ ഹേമചന്ദ്രനാണ് വാതക ചോര്‍ച്ചയുണ്ടായതായി സ്ഥിരീകരിച്ചത്. ഇതോടെ രണ്ടാം ദിവസം വാതക ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന കമ്പനി മാനേജ്‌മെന്റിന്റെ വാദം പൊളിഞ്ഞു. ക്ലോറിനേഷന്‍ യൂനിറ്റ് 200 ലെ മാനേജരെയും ജീവനക്കാരെയും തുടര്‍ച്ചയായി ചോദ്യം ചെയ്തും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് രണ്ടാം ദിവസവും വാതക ചോര്‍ച്ചയുണ്ടായെന്ന് സ്ഥിരീകരിച്ചത്.
ആദ്യ ദിവസം ചോര്‍ച്ചയുണ്ടായശേഷം അടച്ചുപൂട്ടിയെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്ന 201 നമ്പര്‍ ക്ലോറിനേറ്ററിന് പുറത്തുള്ള തെര്‍മോ വെല്‍ഭാഗത്താണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഈ പ്ലാന്റ് രാവിലെ ഒമ്പത് മണി വരെ പ്രവര്‍ത്തിച്ചെന്നും ഇതാണ്് ഒമ്പതരയോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ചോര്‍ച്ചയുണ്ടായ ക്ലോറിനേറ്ററിനെ സംബന്ധിച്ച് മാനേജ്‌മെന്റ് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പിന്നിലെ കാരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. അടച്ചുപൂട്ടിയ പ്ലാന്റില്‍ എങ്ങനെയാണ് ചോര്‍ച്ചയുണ്ടായതെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ടാം ദിവസം വാതക ചോര്‍ച്ചയുണ്ടായതിന് തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പ്ലാന്റില്‍ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാദം. വീണ്ടും പരിശോധന നടത്തിയെങ്കിലേ പോലീസിന്റെ നിലപാട് ശരിയാണോയെന്നറിയാന്‍ സാധിക്കുകയുള്ളൂവെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യ ദിവസം വാതകചോര്‍ച്ചയുണ്ടായതിന് ശേഷം പ്ലാന്റ് അടിച്ചുപൂട്ടിയെങ്കിലും രണ്ടാം ദിവസം വീണ്ടും വാതക ചോര്‍ച്ചയുണ്ടായ 203 ാം നമ്പര്‍ പ്ലാന്റ് തുറന്നു പ്രവൃത്തിക്കാന്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായതും പരിശോധിക്കും.
എന്നാല്‍ പോലീസിന്റെ ഈ നിഗമനത്തെ കമ്പനിയിലെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പുകമറ സൃഷ്ടിക്കാനാണ് എ ഡി ജി പി ശ്രമിക്കുന്നതെന്നും പ്ലാന്റില്‍ യാതൊരു തരത്തിലുള്ള ചോര്‍ച്ചയുമുണ്ടായിട്ടില്ലെന്നും സംയുക്ത ട്രേഡ് യൂനിയന്‍ ഭാരാവാഹികള്‍ പറയുന്നു. എ ഡി ജി പി പറയുന്നതു പോലെ പ്ലാന്റിന്റെ ടെര്‍മൂവലില്‍ ആണ് തകരാറെങ്കില്‍ അത് തടയാനുള്ള സംവിധാനങ്ങള്‍ പ്ലാന്റിനകത്ത് തന്നെയുണ്ടെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ രണ്ടാം ദിവസവും വാതകചോര്‍ച്ചയുണ്ടായതില്‍ അസ്വഭാവികതയുണ്ടെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ അഭിപ്രായം ശരി വെക്കുന്ന തരത്തിലാണ് എ ഡി ജി പി ഹേമചന്ദ്രന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാല്‍ വാതക ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ സംഭവത്തിന് പിന്നിലെന്താണെന്ന് ഇനിയും വ്യക്തത കൈവരാത്തതിനാല്‍ ഇന്നലെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്ന അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിലാണ് ഇപ്പോഴെത്തിയിട്ടുള്ളത്.