യുഎഇ എബോള വൈറസ് മുക്തം: ആരോഗ്യ മന്ത്രാലയം

Posted on: August 11, 2014 8:11 pm | Last updated: August 11, 2014 at 8:11 pm

Ebola-virus-300x223അബുദാബി: രാജ്യം എബോള വൈറസ് മുക്തമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലും യു എ ഇ സ്വീകരിച്ചിട്ടുണ്ട്. മാരകമായ ഈ രോഗത്തെ രാജ്യത്തു നിന്നു അകറ്റി നിര്‍ത്താന്‍ മന്ത്രാലയം സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത എബോള ബാധയില്‍ നിന്നു രാജ്യം പൂര്‍ണമായും സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് പോളിസീസ് ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അംരി വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം നാഷനല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി ഉള്‍പ്പെടെയുള്ളവയുമായി ചേര്‍ന്ന് വൈറസ് ബാധയെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
രോഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാവാന്‍ ലോകാരോഗ്യ സംഘടനയുമായി നിരന്തരം ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്. ഇതുവരെ രോഗത്തിനെതിരെ രാജ്യം സ്വീകരിച്ച നടപടികള്‍ തൃപ്തികരവും എബോള ബാധയില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഉതകുന്നതുമാണ്. എബോള ബാധിച്ച ആരും രാജ്യത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തില്‍ വന്ന വാര്‍ത്ത തള്ളിക്കളയുന്നതായും ഡോ. അമീന്‍ വ്യക്തമാക്കി.
മന്ത്രാലയം മറ്റ് വിഭാഗങ്ങളുമായി ചേര്‍ന്ന് രോഗബാധയെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരും. കേസുകള്‍ ഭാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പോലും അതിനെ വിജയകരമായി നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യ മന്ത്രാലയം നടപ്പാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.