Connect with us

Wayanad

ആദിവാസി യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ സമഗ്ര അന്വേഷണം വേണം- സി പി എം

Published

|

Last Updated

കല്‍പ്പറ്റ: പുല്‍പ്പള്ളി പാക്കം നരിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ ബാലകൃഷ്ണന്റെ മകള്‍ അംബിക കൊല്ലപ്പെട്ടത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ലയില്‍ ആദിവാസി സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൊലപാതകവും. അംബികയെ കൊലപ്പെടുത്തി മൃതദേഹം വനത്തിനുള്ളില്‍ കുഴിച്ചിട്ടത് ഞെട്ടിപ്പിക്കുന്നതാണ്. ഒരാള്‍ക്ക് തനിയെ ചെയ്യാവുന്നതല്ല ഇത്. അതിനാല്‍ പഴുതടച്ചുള്ള അന്വേഷണം വേണം.
അംബികയെ കാണാതായതിനെ തുടര്‍ന്ന് പുല്‍പ്പള്ളി പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ ദുരൂഹതയുണ്ട്. ആദിവാസി പീഡനകേസുകളിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് വ്യഗ്രത കാണിക്കുകയാണ്. പുല്‍പ്പള്ളി കോളറാട്ടുകുന്ന് കോളനിയിലെ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ രക്ഷപ്പെടുത്താന്‍ പൊലീസ് കോടതിയെവരെ കബളിപ്പിച്ച സംഭവമുണ്ടായി. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ചു.
ആദിവാസികള്‍ നിരന്തരം പിഡിപ്പിക്കപ്പെട്ടിട്ടും പൊലീസും സര്‍ക്കാരും തുടരുന്ന നിസംഗതയാണ് വീണ്ടും കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വഴിവെക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ ജില്ലയിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നത് കൂടുതല്‍ ഗൗരവതരമാണ്. ആദിവാസികള്‍ സുരക്ഷിതരല്ലാതാകുന്നത് ഭരണകര്‍ത്താക്കളുടെ വീഴ്ച്ചയാണ്. ആദിവാസി പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണം. അംബികയുടെ കൊലപാതകികളെ ഉടന്‍ അറ്‌സ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപി എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു. പുല്‍പ്പള്ളി മേഖല കേന്ദ്രീകരിച്ച് ആദിവാസി പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാരും പൊലീസും നടപടികള്‍ക്ക് മുതിരാത്തത് സംശായസ്പദമാണ്. വേട്ടക്കാര്‍ക്കൊപ്പമാണ് പൊലീസ്.
കോളറാട്ടുകുന്ന് പീഡനക്കേസില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്തതിലൂടെ ഇത് വ്യക്തമായതാണ്. അംബികയുടെ കൊലപാതകത്തിലെ ചുരുളഴിച്ച് എത്രയും വേഗം പ്രതികളെ പിടികൂടണം.

Latest