നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത: സര്‍വെ അപാകതകള്‍ പരിഹരിക്കണം

Posted on: August 11, 2014 10:32 am | Last updated: August 11, 2014 at 10:32 am

railway trackസുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ ഭാഗത്തെ സര്‍വെയിലെ അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്ന് നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 80 കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് സര്‍വെയില്‍ നിശ്ചയിച്ചത്. ഇതാവട്ടെ ദുര്‍ഘടമായ മലനിരകളിലൂടെ ചുറ്റിവളഞ്ഞും.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ ചോലാടിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ചേരമ്പാടിയിലേക്ക് പാതയെത്തുന്നത് 62 കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണ്. അയ്യന്‍കൊല്ലിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ഗ്ലെന്റോക്കിലേക്ക് പാതയെത്തുന്നത് 102 കിലോമീറ്റര്‍ പിന്നിട്ടും. നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി ആദ്യഘട്ടത്തിന് വെറും 642 കോടി രൂപ നിര്‍മാണച്ചെലവ് വരുമ്പോള്‍ സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ പാതക്ക് 3625 കോടി രൂപ ചെലവ് വരാനുള്ള കാരണം അശാസ്ത്രീയമായ ഈ സര്‍വെയാണ്.
പാത നഷ്ടമാണെന്ന് വരുത്തിത്തീര്‍ത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പാതക്കെതിരെയുള്ള ലോബികള്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വയനാട്ടിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗരൂഗകായിട്ടില്ലെങ്കില്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാത അട്ടിമറിക്കപ്പെടും.
ബത്തേരി നിലമ്പൂര്‍ പാതയുടെ അലൈന്‍മെന്റ് പുതുക്കി നിശ്ചയിക്കാനുള്ള എന്‍ജിനിയറിംഗ് സര്‍വെയാണ് ഇനി അടിയന്തിരമായി നടത്തേണ്ടത്. ഇത് ടോപ്പോഷീറ്റുകളുടെ സഹായത്തോടെ ഓഫീസില്‍ തന്നെ ചെയ്യാവുന്ന ടേബിള്‍ ടോപ്പ് സര്‍വെയാണ്.
ഇതിന് ഒരു സാമ്പത്തിക ബാധ്യതയും വരുന്നതല്ല. ഈ ഭാഗത്തെ അലൈന്‍മെന്റ് പുതുക്കി നിശ്ചയിച്ചാല്‍ 80 കിലോമീറ്ററില്‍ അധികം ദൂരവും 2000 കോടിയിലധികം ചെലവും ലാഭിക്കാം.
അതോടെ കൊച്ചി-ബാംഗളൂര്‍ നഗരങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത വന്‍ലാഭകരമാവും. എന്‍ജിനിയറിംഗ് സര്‍വെ പുതുക്കാന്‍ റയില്‍വേ മന്ത്രിയുടെയോ, റയില്‍വേ ബോര്‍ഡ് ചെയര്‍മാന്റേയോ മാത്രം തീരുമാനം മതി.
സര്‍വെയിലെ അപാകതകളും ഈ റയില്‍പാതയുടെ പ്രാധാന്യവും റയില്‍വേ മന്ത്രിയേയും ബോര്‍ഡിനേയും ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിന്റെയും ജനപ്രതിതിധികളുടെയും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം. 12ന് റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുമായി സംസ്ഥാനത്തെ എംപിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ ബത്തേരി-നിലമ്പൂര്‍ ഭാഗത്തെ ഭൂരവും ചെലവും കുറക്കാവുന്ന എന്‍ജിനിയറിംഗ് സര്‍വെക്കായുള്ള തീരുമാനം പ്രഖ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, ഒ.കെ. മുഹമ്മദ്, വി. മോഹനന്‍, ജോര്‍ജ് നൂറനാല്‍, ഗംഗാധരന്‍, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, റാംമോഹന്‍, ജോയിച്ചന്‍ വര്‍ഗീസ്, മോഹന്‍ നവരംഗ്, ഡോ. തോമസ് മോഡിശേരി, നാസര്‍ കാസിം, അനില്‍, സി.എച്ച്. സുരേഷ്, അനില്‍ ജയ, സംഷാദ്, സല്‍മാന്‍, ഐസണ്‍ ജോസ്, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.