Connect with us

Business

യു എസ് സൈനിക നീക്കം: വിപണിയില്‍ വന്‍ പ്രകമ്പനം

Published

|

Last Updated

അമേരിക്കയുടെ സൈനീക നീക്കങ്ങള്‍ ആഗോള ഓഹരി വിപണികളില്‍ വന്‍ പ്രകമ്പനമുളവാക്കി. യുറോപ്യന്‍ വിപണികളും ഏഷ്യന്‍ മാര്‍ക്കറ്റുകളും മാത്രമല്ല യു എസ് ഓഹരി സൂചികകളും ആടിയുലഞ്ഞു. ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം വാരത്തിലും തളര്‍ച്ചയിലാണ്. വടക്കന്‍ ഇറാഖ് ലക്ഷ്യമാക്കി യു എസ് വിമാനങ്ങള്‍ പറന്നുയര്‍ന്നത് ഓഹരി വിപണിയില്‍ ഓപറേറ്റര്‍മാരെ മാത്രമല്ല ഫണ്ടുകളെയും പിരിമുറുക്കത്തിലാക്കി. ഇതിനിടയില്‍ വിപണി മൂല്യത്തില്‍ 24,7830 കോടി രൂപയുടെ നഷ്ടമുണ്ടായി.
ബി എസ് ഇ 25,928 വരെ കയറിയ ഘട്ടത്തിലാണ് വില്‍പ്പന സമ്മര്‍ദം സൂചികയെ പിടികൂടിയത്. വാരാന്ത്യം സൂചിക 25,238 ലാണ്. സെന്‍സെക്‌സ് സാങ്കേതികമായി ദുര്‍ബലമായത് വരും ദിനങ്ങളിലും തളര്‍ച്ച അനുഭവപ്പെടാനുള്ള സാധ്യതകള്‍ക്ക് ശക്തി പകരുന്നു. ഈ വാരം സൂചികക്ക് 25,068-24,808 ല്‍ താങ്ങും 25,758-26,188 ല്‍ തടസ്സവും നേരിടാം.
വാരത്തിന്റെ ആദ്യ പകുതിയില്‍ കാര്യമായ വ്യതിയാനങ്ങളില്ലാതെ ചാഞ്ചാടിയ ദേശീയ ഓഹരി സൂചിക പക്ഷേ വ്യാഴാഴ്ചയോടെ തളര്‍ച്ചയുടെ സൂചന പുറത്തുവിട്ടു. വെള്ളിയാഴ്ച ഒരവസത്തില്‍ നിഫ്റ്റി 125 പോയിന്റിന്റെ ഇടിവിനെ അഭിമുഖീകരിച്ചു. 7750ല്‍ നിന്നുള്ള തകര്‍ച്ചയില്‍ സൂചിക 7541 വരെ ഇടിഞ്ഞു. തകര്‍ച്ചക്കിടയില്‍ സൂചികക്ക് അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളില്‍ പിടിച്ചു നില്‍ക്കാനും കഴിഞ്ഞില്ല. വാരാന്ത്യം നിഫ്റ്റി 7568 ആണ്.
ആര്‍ ബി ഐ വായ്പ അവലോകനത്തില്‍ പലിശ നിരക്കുകള്‍ സ്‌റ്റെഡിയായി നിലനിര്‍ത്തി. അതേസമയം നാണയപ്പെരുപ്പത്തിലെ ഭീഷണി തുടരുന്നു. വിദേശ ഫണ്ടുകളുടെ വില്‍പ്പന തരംഗത്തില്‍ സ്റ്റില്‍, റിയാലിറ്റി, ബേങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌നോളജി വിഭാഗം ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, സേസ സ്റ്റര്‍ലൈറ്റ് തുടങ്ങിയ മുന്‍നിര ഓഹരികള്‍ പലതും ആടിയുലഞ്ഞു.
ഈ വാരം ഒന്നാം ക്വാര്‍ട്ടറിലെ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തു വിടാനുള്ള ഒരുക്കത്തിലാണ് സെയില്‍, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, ബി എച്ച് ഇ എല്‍, ഒ എന്‍ ജി സി, ഐ ഒ സി തുടങ്ങിയ കമ്പനികള്‍. വിദേശ ഫണ്ടുകള്‍ നിക്ഷേപം തിരിച്ചു പിടിക്കാന്‍ കാണിച്ച വ്യഗ്രത ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപക്ക് സമ്മര്‍ദമായി. വിനിമയ നിരക്ക് 61.74 ലേക്ക് ഇടിഞ്ഞു. വിദേശ ഫണ്ടുകള്‍ 2217 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

Latest