മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു

Posted on: August 10, 2014 6:57 pm | Last updated: August 11, 2014 at 7:15 am

suresh gopi

തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രയോഗിച്ച വാക്കുകള്‍ മുഖ്യമന്ത്രിക്കോ മറ്റാര്‍ക്കെങ്കിലോ വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായി അമേരിക്കയില്‍ കഴിയുന്ന സുരേഷ്‌ഗോപി ഫോണിലൂടെ വ്യക്തമാക്കി. വിമാനത്താവളവുയമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളിലാണ് ഖേദം അറിയിക്കുന്നത്. താന്‍ ഖേദപ്രകടനം നടത്തണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു.
നാളെ, രമേശ് ചെന്നിത്തലയോ ആര്യാടന്‍ മുഹമ്മദോ പോലുള്ളവര്‍ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെടരുതെന്ന ആഗ്രഹമുള്ളതിനാലാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവസാരവാദിയാണെന്ന് വിളിക്കുന്നത് ശരിയല്ല. അങ്ങനെയാണെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ പലപ്പോഴും നിലപാട് മാറ്റുന്ന ജനങ്ങളല്ലെ യഥാര്‍ഥ അവസരവാദികളെന്നും സുരേഷ് ഗോപി ചോദിച്ചു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരം വെച്ചില്ലെങ്കില്‍ വിവരം ഉള്ളവരോട് ചോദിച്ചിട്ട് വേണം ഇത്തരം കാര്യങ്ങള്‍ പറയാനെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
സുരേഷ് ഗോപിയുടെ പുതിയ സിനിമയായ അപ്പോത്തിക്കിരിയുടെ പ്രദര്‍ശനം പല സ്ഥലത്തും തടസ്സപ്പെടുത്താനും ശ്രമം നടന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖേദപ്രകടനം.