Connect with us

Kozhikode

ബ്ലേഡ് മാഫിയക്കെതിരെ കുടംബശ്രീയുടെ രണ്ടാംഘട്ട പദ്ധതി ഉടന്‍ നടപ്പാക്കും

Published

|

Last Updated

കോഴിക്കോട്: ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ നടപ്പിലാക്കുമെന്ന് ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ കെ മുഹമ്മദ് ഫൈസല്‍. കുടുംബശ്രീയുടെ 16 ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ മാധ്യമ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുരുചിയുടെ പെരുമയുമായി ആരംഭിച്ച കഫേശ്രീ പദ്ധതി വ്യാപിപ്പിക്കുക, ഹോംഷോപ്പുകള്‍ വ്യാപകമാക്കുക, കര്‍ഷക സഹായ കേന്ദ്രങ്ങളെ പരിശീലന കേന്ദ്രങ്ങളാക്കി ഉയര്‍ത്തുക എന്നീ പദ്ധതികളും കുടുംബശ്രീ നടപ്പാക്കും. അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ വിശദീകരിച്ച് നല്‍കുന്നതിനായാണ് ശില്‍പ്പശാലയൊരുക്കിയത്. സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരും മാധ്യമ പ്രവര്‍ത്തകരുമായുള്ള മുഖാമുഖവും ഇതോടനുബന്ധിച്ച് നടന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ എസ് പി കുഞ്ഞമ്മദ്, പി ജീജാദാസ്, പ്രസ് ക്ലബ് ട്രഷറര്‍ ജെ എസ് ഷനില്‍ പങ്കെടുത്തു.
11 സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം നാല് പ്രധാന പദ്ധതികളാണ് കുടുംബശ്രീ പ്രാധാന്യത്തോടെ നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.