എബോള നൈജീരിയയില്‍ അടിയന്തരാവസ്ഥ

Posted on: August 10, 2014 12:22 am | Last updated: August 10, 2014 at 12:22 am

ebolaഅബൂജ/കൊനാക്രി: നൈജീരിയയില്‍ എബോള വൈറസ് മൂലം രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോള രോഗത്തെ നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് പ്രസിഡന്റ് ഗുഡ്‌ലക് ഇബിലി ജൊനാതന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രോഗം പകരുന്നത് തടയാനായി ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. രോഗം പകരുമെന്നതിനാല്‍ ഇത്തരം സംഘംചേരലുകള്‍ ഒഴിവാക്കി അപകടസാധ്യത കുറക്കാന്‍ മത രാഷ്ട്രീയ സംഘടനകള്‍, അധ്യാത്മിക രോഗശമന കേന്ദ്രങ്ങള്‍, കുടുംബങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവ തയ്യാറാകണമെന്നും ജൊനാതന്‍ ആവശ്യപ്പെട്ടു.

രോഗത്തെ ചെറുക്കാനുള്ള ധനസഹായത്തിന്റെ ഭാഗമായി 11.67 മില്യണ്‍ ഡോളര്‍ അടിയന്തരമായി നല്‍കാനും ജൊനാതന്‍ ഉത്തരവിട്ടു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതല്‍ ഐസോലേഷന്‍ യൂനിറ്റുകള്‍ തുടങ്ങാനും അതിര്‍ത്തിയില്‍ പരിശോധന നടത്താനും രോഗബാധിതരുമായി ബന്ധപ്പെടുന്നവരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി ഒരു തരത്തിലുള്ള ബന്ധപ്പെടലും അരുതെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ മരണങ്ങളും അധികൃതരെ അറിയിക്കുകയും പ്രത്യേക മുന്‍കരുതലെടുത്ത് സംസ്‌കാരം നടത്തുകയും വേണമെന്ന് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് പുതുതായി അഞ്ച് പേര്‍ക്ക് കൂടി എബോള രോഗം ബാധിച്ചിട്ടുണ്ട്.
അതേസമയം ഗിനിയയില്‍ 495 പേര്‍ക്ക് കൂടി എബോള രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പറയുന്നു. 367 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട എബോള രോഗികളില്‍ 94 പേര്‍ ഡിസ്ചാര്‍ജായിട്ടുണ്ടെന്നും 19 പേര്‍ ഇപ്പോഴും ചികിത്സയിലാണെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ നഗരമായ ഗുയിക്കെദോയില്‍ മാത്രം ഒമ്പത് പേര്‍ക്ക് രോഗം ബാധിച്ചു.
എന്നാല്‍ നേരത്തെ രോഗബാധ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഏഴ് മേഖലകളില്‍ നിന്നും ഈ ആഴ്ച എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗം ആഗോള ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.