കുട്ടികളുടെ തിരോധാനം

Posted on: August 10, 2014 6:00 am | Last updated: August 10, 2014 at 12:11 am

കാണാതാകുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച കണക്ക് ഭീതിജനകമാണ്. 2011 മുതല്‍ 2014 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 3.25 ലക്ഷം കുട്ടികളെ കാണാതായെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതനുസരിച്ചു പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം ശരാശരി ഒരു ലക്ഷം വരും. ലഭ്യമായ കണക്കുകളനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ആമുഖത്തില്‍ പറയുന്നത്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടുതലായേക്കാമെന്ന് വ്യക്തം.

അപ്രത്യക്ഷരാകുന്നവരില്‍ 55 ശതമാനവും പെണ്‍കുട്ടികളാണ്. ഇവരില്‍ 45 ശതമാനത്തെക്കുറിച്ചു തെളിവുകളുടെ ഒരു തരിമ്പ് പോലും ലഭ്യമായിട്ടില്ല. അപ്രത്യക്ഷരാകുന്ന കുട്ടികളില്‍ പകുതിയോളം പേരെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പട്ടിണി, രക്ഷിതാക്കളുടെ അവഗണന, പരീക്ഷയിലെ തോല്‍വി തുടങ്ങിയവ മൂലമുള്ള ഒളിച്ചോട്ടം, സെക്‌സ് റാക്കറ്റുകളുടെയും ഭിക്ഷാടന മാഫിയകളുടെയും തട്ടിക്കൊണ്ടുപോകല്‍, പ്രണയരോഗം തുടങ്ങിയവയാണ് കുട്ടികളുടെ തിരോധാനത്തിന് കാരണമെന്നാണ് പൊതുവെ നിഗമനം. അവയവ കച്ചവടത്തിനും മരുന്നുപരീക്ഷണത്തിനും വരെ കുട്ടികളെ ഇരയാക്കുന്നുണ്ട്. വര്‍ഗീയ ഫാസിസത്തിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രവണത വ്യാപകമാണ്. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകുന്ന ഇവര്‍ പിന്നീട് ഇരകളെ അപായപ്പെടുത്തുകയോ, സെക്‌സ് റാക്കറ്റിന് വില്‍ക്കുകയോ ആണ് ചെയ്യുന്നത്. വീട്ടില്‍ നിന്ന് ഒളിച്ചോടുന്ന കുട്ടികളിലും കൂടുതലും എത്തിപ്പെടുന്നത് സെക്‌സ് റാക്കറ്റുകളുടെയോ, മനുഷ്യക്കടത്തുകാരുടെയോ കരങ്ങളിലാണ്. ഉപയോഗത്തിന് ശേഷം ഇവരില്‍ പലരും കൊല്ലപ്പെടുന്നതായി നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വിലയിരുത്തുന്നു.
ഭിക്ഷാടന മാഫിയ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്ത്. കുട്ടികളെ അംഗഭംഗം വരുത്തി യാചനക്ക് വിട്ടാണ് അവര്‍ വരുമാനമുണ്ടാക്കുന്നത്. ഇതൊരു വന്‍ബിസിനസായി വളര്‍ന്നിട്ടുണ്ട്. അവയവ വ്യാപാരത്തിന് ഇരയാകുന്നവരില്‍ നല്ലൊരു ഭാഗവും കുട്ടികളാണ്. പ്രലോഭനങ്ങളിലൂടെയും ബലമായും കുട്ടികളെ റാഞ്ചി ലക്ഷങ്ങള്‍ വിലയുള്ള കിഡ്‌നി അടിച്ചുമാറ്റിയ ശേഷം അവരെ തെരുവിലുപേക്ഷിക്കുന്നു. രാജ്യത്ത് തഴച്ചു വളരുന്ന സെക്‌സ് ടൂറിസവും കുട്ടികളുടെ തിരോധാനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷിത ലൈംഗിക ബന്ധമാണ് ഏജന്റുമാര്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന മുഖ്യവാഗ്ദാനമത്രെ. വാഗ്ദാനം നിറവേറ്റാനായി അവരുടെ മുമ്പിലെത്തിക്കുന്നത് കൗമാര പ്രായക്കാരെയും. 50 രൂപ മുതല്‍ 250 രുപ വരെയുള്ള നിരക്കില്‍ കുട്ടിലൈംഗികത്തൊഴിലാളികള്‍ രാജ്യത്ത് യഥേഷ്ടം ലഭ്യമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ പറയുന്നത്.
ദുരൂഹ സാഹചര്യത്തില്‍ കുട്ടികളെ കാണാതാകുന്ന സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രകടിപ്പിക്കുന്ന ഉദാസീനതയെ കോടതികള്‍ നിരവധി തവണ രൂക്ഷമായി വിമര്‍ശിക്കുകയും വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും നിര്‍ബന്ധമായും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 2013 ജനുവരിയില്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളമുള്‍പ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ജാഗ്രത പുലര്‍ത്തുന്നത്. കോടതികളുടെ ഇടപെടലിനെ തുടര്‍ന്നു കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ ജില്ലകള്‍ തോറും ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക മോനിറ്ററിംഗ് സെല്‍ രൂപവത്കരിച്ചിട്ടുണ്ട്. നാല് എസ ്‌ഐമാരും നാല് എ എസ് ഐമാരും, കോണ്‍സ്റ്റ്ബിള്‍മാരും ഉള്‍ക്കൊള്ളുന്ന ഈ യൂനിറ്റുകള്‍ ദിനംപ്രതി റിവ്യൂ നടത്തണമെന്നും എഫ് ഐ ആര്‍ രജിസ്റ്റ്ര്‍ ചെയ്തു 15 ദിവസത്തിനകം ഉന്നത തലത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം. എന്നിട്ടും തിരോഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല.
അധികൃതരുടെയും സമൂഹത്തിന്റെയും സജീവ ശ്രദ്ധ അര്‍ഹിക്കുന്നതാണ് അപ്രത്യക്ഷരാകുന്ന കുട്ടികളുടെ എണ്ണത്തില്‍ അനുഭവപ്പെടുന്ന ഭീമമായ വര്‍ധന. കുറ്റാന്വേഷണ രംഗത്ത് അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടും കാണാതാകുന്നവരില്‍ പകുതി പേരെക്കുറിച്ചും ഒരു വിവിരവും ലഭ്യമാക്കാനാകുന്നില്ലെന്നത് നാണക്കേടാണ്. സര്‍ക്കാറിന്റെ ഉദാസീനതയിലേക്കും അന്വേഷണ ഏജന്‍സികളുടെ പിടിപ്പുകേടിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടതി ഉണര്‍ത്തിയതു പോലെ ഈ കുട്ടികള്‍ എവിടെ പോകുന്നുവെന്നും ആരുടെ കരങ്ങളിലെത്തിപ്പെടുന്നുവെന്നും കണ്ടെത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.