എബോള: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Posted on: August 9, 2014 9:57 pm | Last updated: August 9, 2014 at 9:57 pm

ebolaന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ എബോള വൈറസ് രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ ഇന്ത്യ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എബോള വൈറസ് പടരുന്ന നാല് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി 45000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരിലൂടെ രോഗാണുക്കള്‍ രാജ്യത്ത് എത്തുന്നത് തടയാനാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.

എബോള വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂര്‍ അടിയന്തര ഹെല്‍പ്‌ലൈന്‍ സംവിധാനവും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. എബോള വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാനുള്ള ലോകാരോഗ്യ സംഘടനാ നിര്‍ദേശത്തിന് പിന്നാലെയാണ് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത്.

അതേസമയം, രാജ്യത്ത് ഒരിടത്തും ഇതുവരെ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.