നിയമ പോരാട്ടത്തിനൊടുവില്‍ എല്ലമല പ്രൈമറി സ്‌കൂള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തു

Posted on: August 9, 2014 1:22 pm | Last updated: August 9, 2014 at 1:22 pm

ഗൂഡല്ലൂര്‍: മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ എല്ലമല പ്രൈമറി സ്‌കൂള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പ്രസ്തുത സ്‌കൂള്‍ സ്വകാര്യ എസ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. സ്‌കൂള്‍ കെട്ടിടം ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. സമരസമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രാവശ്യം സമരങ്ങള്‍ നടത്തിയിരുന്നുവെങ്കിലും റവന്യു, വനം, വിദ്യാഭ്യാസ വകുപ്പുകള്‍ നിയമതടസ്സം പറഞ്ഞ് സ്‌കൂള്‍ ഏറ്റെടുക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിനിടക്കാണ് മുന്‍ പി ടി എ പ്രസിഡന്റ് പി ഹനീഫ ചെന്നൈ ഹൈക്കോടതിയില്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ആധുനിക സൗകര്യത്തോടെ നിശ്ചിത കാലയളവില്‍ സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ അമാന്തം കാണിച്ചിരുന്നു. കോടതി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഭയന്നാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതേത്തുടര്‍ന്ന് പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്-മലയാളം മീഡിയങ്ങളിലായി 150 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠനം നടത്തുന്നത്. തോട്ടംതൊഴിലാളികളുടെയും പാവപ്പെട്ട കര്‍ഷകരുടെയും മക്കളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ കെട്ടിടം തകര്‍ച്ചാഭീഷണിയിലായതോടെ സ്‌കൂള്‍ താത്ക്കാലികമായി സമീപത്തെ പഞ്ചായത്തിന്റെ കമ്മ്യുണിറ്റി ഹാളിലേക്ക് മാറ്റിയിരുന്നു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ നാട്ടുകാര്‍ ഏറെ സന്തുഷ്ടരാണ്.