Connect with us

Kerala

കെഎം മാണിക്ക് ബിജെപിയുടെ ക്ഷണം

Published

|

Last Updated

കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലേക്ക് കെ.എം മാണിയെ ക്ഷണിച്ച് ബിജെപി. മാണി പാലയിലെ മാണിക്യമാണെന്ന് വിശേഷിപ്പിച്ച ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ ലേഖനം ഇടതു-വലതു മുന്നണിയില്‍ മാണിയെ തട്ടക്കളിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും കുറ്റപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിന്റെ ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ മാണി കാര്യമായെടുക്കരുത്. ഇടത്-വലത് പക്ഷത്തുനിന്ന് മാറി ചിന്തിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കെ.എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
കെ.എം.മാണി മൗനം വെടിയണം”. വളരെ ലുബ്ധിച്ച് വായ തുറക്കുന്ന കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റേതാണ് ആവശ്യം. കേരളാ കോണ്‍ഗ്രസിനകത്തും പുറത്തും കേള്‍ക്കുന്ന ചര്‍ച്ച കണ്ട് സഹികെട്ടപ്പോഴാണ് പന്തളം മനസ്സ് തുറന്നത്. അതും ഫേസ് ബുക്കില്‍. നവമാധ്യമത്തിലെ പന്തളത്തിന്റെ പോസ്റ്റ് കണ്ടവര്‍ കണ്ടവര്‍ അത് “ലൈക്” ചെയ്തു. മറ്റ് ചിലര്‍ “ഷെയര്‍” ചെയ്തു. വാര്‍ത്താമാധ്യമങ്ങളത് വളരെ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തു.

കെ.എം.മാണി ചെയ്ത കുറ്റമെന്തെന്നല്ലേ? “മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് മുഖഛായ വര്‍ധിപ്പിക്കാനാണെങ്കില്‍ പുതിയ മുഖ്യമന്ത്രിയാവട്ടെ. അത് കെ.എം.മാണിയാകുന്നതാണ് നല്ലത് എന്ന് കേരള കോണ്‍ഗ്രസില്‍ നിന്നും അഭിപ്രായമുയര്‍ന്നു. തലങ്ങും വിലങ്ങും ചര്‍ച്ചയായി. ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ കയറിപ്പിടിക്കുന്ന പതിവ് കെ.എം.മാണിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് മിണ്ടാതിരിക്കുന്നതാണുത്തമമെന്ന് കരുതിക്കാണണം. പക്ഷേ, കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി കെ.എം.മാണിയുടെ നിലപാടെന്ന് വ്യക്തം. അതാണ് പന്തളത്തിന്റെ പ്രതികരണമായി വന്നത്.

കെ.എം.മാണിയെന്ന രാഷ്ട്രീയത്തിലെ “വിശുദ്ധ പശു”വിനെ രണ്ടിലകാട്ടി സിപിഎം വശീകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചിലപ്പോള്‍ കേരള കോണ്‍ഗ്രസ് ഒരു കാലുപൊക്കി മറുകണ്ടം ചാടാന്‍ ഒരുങ്ങിയെന്ന തോന്നലും ഉളവാക്കി. എല്ലാം ഉണ്ടയില്ലാ വെടി എന്നാണ് ഒടുവില്‍ കെ.എം.മാണി വ്യക്തമാക്കിപോന്നത്. ഇപ്പോഴും വരട്ടെ സമയം വരുമ്പോള്‍ പറയാം എന്ന നിലപാടാണ് മണി സ്വീകരിച്ചത്. പന്തളത്തിന്റെ ആവശ്യവും മാണി കേട്ടു. “എനിക്ക് മുഖ്യമന്ത്രി മോഹമില്ല. പാര്‍ട്ടി അങ്ങനെയൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.”

ശരിക്കും പറഞ്ഞാല്‍ കെ.എം.മാണിയെ ഇരുമുന്നണികളും തട്ടിക്കളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വന്നുവന്ന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരും അമ്മട്ടിലായിരിക്കുന്നു.

കേരളത്തിലെ ഐക്യമുന്നണിയുടെ സ്ഥാപകന്മാരിലൊരാളണല്ലോ കെ.എം.മാണി. യൂത്ത് കോണ്‍ഗ്രസില്‍ തുടങ്ങിയതാണ് രാഷ്ട്രീയം. അര നൂറ്റാണ്ടിന് മുമ്പ് കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസായപ്പോള്‍ അതിലെ അമരക്കാരനാകാന്‍ അന്നേ അവസരം കിട്ടി. പാര്‍ട്ടി രൂപം കൊണ്ട് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 1965 ല്‍ നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ ജനവിധി തേടി കെ.എം.മാണി വിജയക്കൊടി നാട്ടിയെങ്കിലും അന്ന് സഭ കാണാന്‍ അവസരം ലഭിച്ചില്ല. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ സഭ തന്നെ രൂപംകൊള്ളാതെ അലസിപ്പോയപ്പോള്‍ രാഷ്ട്രപതിഭരണമായി. 1967 ല്‍ നടന്ന തിരഞ്ഞെടുപ്പിലും പാലയില്‍ ജനവിധി തേടിയ കെ.എം.മാണി തന്നെ വിജയിച്ചു. പിന്നെ എപ്പോഴൊക്കെ തെരഞ്ഞെടുപ്പ് നടന്നോ അന്നൊക്കെ പാലയില്‍ മറ്റൊരാളെ ജയിപ്പിക്കേണ്ടിവന്നില്ല. കെ.എം.മാണി “പാലേലേ മാണിക്യ”മായി ഇന്നും തിളങ്ങുന്നു.

കെ.എം.മാണിയുടെ റിക്കാര്‍ഡ് തകര്‍ക്കാന്‍ കേരള രാഷ്ട്രീയത്തില്‍ ഇന്നാരുമില്ല. ഇനിയാരുമുണ്ടാകുമെന്നും തോന്നുന്നില്ല. 47 വര്‍ഷമായി ജനപ്രതിനിധി. ഇരുമുന്നണികളിലുമായി ദീര്‍ഘകാലം മന്ത്രി. ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച ധനകാര്യമന്ത്രി. മാണിക്കുള്ള വിശേഷം വര്‍ണിക്കാന്‍ പേജുകള്‍ ഏറെ വേണം. എന്നിട്ടും മുഖ്യമന്ത്രിയാകാന്‍ നേരം മാണിയെ ചൂണ്ടിക്കാണിക്കാന്‍ ആരുമുണ്ടാകാത്തതെന്ത് എന്ന ചോദ്യം പ്രസക്തമാണ്.

മാണിക്കാണെങ്കില്‍ ആശയമുണ്ട്. അര്‍പ്പണബോധമുണ്ട്. ആത്മാര്‍ത്ഥതയുണ്ട്. “ബ്രിട്ടീഷ് പാര്‍ലമെന്റില്‍” പോലുംപ്രസംഗിക്കാന്‍ അവസരം ലഭിച്ച പാരമ്പര്യമുണ്ട്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന വിചിത്രവും കൗതുകകരവുമായ ആശയം മുന്നോട്ടുവച്ചയാളാണ് കെ.എം.മാണി. കമ്മി ബജറ്റ് മിച്ചമാക്കാനും കമ്മിയും മിച്ചവുമല്ലാത്ത ബജറ്റവതരിപ്പിക്കാനുമുള്ള മാണിയുടെ മികവ് മറ്റാര്‍ക്കുമില്ല. മാണിയുടെ ചിന്തയും വിചിന്തനവും പലപ്പോഴും വനരോദനമായി മാറുന്നതെന്ത് എന്ന് ചിന്തിക്കേണ്ടത് മാണി തന്നെയാണ്. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല സംസ്ഥാനങ്ങളിലെ നേതാക്കളും സാദാ മന്ത്രിമാരല്ല മുഖ്യമന്ത്രിതന്നെയായിട്ടുണ്ട്. ബംഗളാ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ബിഎസ്പി, എസ്പി, ഡിഎംകെ, അണ്ണാ ഡിഎംകെ, ശിവസേന, നാഷണല്‍ കോണ്‍ഫ്രന്‍സ്, ജെഡിയു തുടങ്ങിയ കക്ഷികള്‍ക്കെല്ലാം മുഖ്യമന്ത്രിസ്ഥാനം ലഭിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കക്ഷികളുടെ കണക്ക് ഇതില്‍പ്പെടുന്നില്ല. എന്നിട്ടും കെ.എം.മാണിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതെന്തുകൊണ്ട്? ആലോചിക്കേണ്ട വിഷയം തന്നെയാണ്.

“ബുദ്ധിവൈഭവം കൊണ്ട് അടരാടുന്ന പോര്‍ക്കളം” അതാണ് നിയമനിര്‍മാണ സഭയെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. മരങ്ങാട്ടുപള്ളി (പാല) കഴിങ്ങോലയ്ക്കല്‍ കുടുംബത്തില്‍ തോമസ് മാണിയുടെ പുത്രനായ കെ.എം.മാണി പോര്‍ക്കളത്തില്‍ നാലരപതിറ്റാണ്ടിനിടയില്‍ പതറിയിട്ടില്ല. തലയുയര്‍ത്തിനിന്നിട്ടേയുള്ളൂ. മാണിയുടെ വൈഭവം ദൈവദത്തം എന്നാണ് ആരാധകരുടെ അവകാശവാദം. ആ ദൈവത്തമായ കഴിവ് നിയമസഭാ പ്രസംഗങ്ങളുടെ മൂര്‍ച്ചയും ചൈതന്യവുമാക്കാന്‍ മാണി നന്നായി അദ്വാനിച്ചു. അദ്ധ്വാനത്തിന്റെ വില മാണിക്കറിയാം. അതുകൊണ്ടാണ് “അദ്ധ്വാനവര്‍ഗ സിദ്ധാന്തം” എന്ന പ്രത്യയശാസ്ത്രത്തിന് അദ്ദേഹം രൂപം നല്‍കിയത്. സഭാ നടപടികള്‍ താളം തെറ്റുമ്പോഴൊന്നും മാണി സമനിലതെറ്റി പെരുമാറിയിട്ടില്ല. തമിഴ് നിയമസഭ “മുണ്ടുനിയമം” പാസാക്കിയതുപോലെ ഒരു നിയമം കേരളത്തില്‍ വേണ്ടിവരാത്തത് മാണിയെപ്പോലുള്ള പക്വമതികളുടെ സാന്നിധ്യം തന്നെയാവണം.
മന്ത്രിസഭയിലെ ഒന്നാമനാകുന്നതിലല്ല കാര്യം. മന്ത്രിസഭയിലിരുന്ന് കാര്യമായെന്തെങ്കിലും ചെയ്‌തോ എന്നാണ്. അത് നോക്കുമ്പോള്‍ കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ചെയ്യുന്നതിലേറെ കാര്യം കെ.എം.മാണിയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കാനുണ്ട്.

അരനൂറ്റാണ്ടിനിടയില്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് കെ.എം.മാണിക്കും കേരളാ കോണ്‍ഗ്രസിനുമുള്ളത്. വലത്തുനില്‍ക്കുമ്പോള്‍ ഇടത്തേക്ക് മാടിവിളിക്കുന്നത് മാണിയെ തുണക്കാനല്ലെന്ന് തിരിച്ചറിയാത്ത ആളല്ല കെ.എം.മാണി. അധികാരം നഷ്ടപ്പെട്ടപ്പോള്‍ കരയ്ക്കിട്ട മീനിനെപ്പോലെ പിടയുന്നവരുടെ ആശ്വാസത്തിനാണ്. ഇനി അതിന് നിന്നുകൊടുക്കുന്നതിലര്‍ത്ഥമില്ല. ഒട്ടുമിക്ക വകുപ്പുകളും ഭരിച്ചു. പേരുകൊത്തിവയ്ക്കാന്‍ പാകത്തിനുള്ള ഒരുപാട് നിയമങ്ങളുടെ പിതൃത്ത്വവുമായി. പരമോന്നതസഭയില്‍ പുത്രനെ പ്രതിഷ്ഠിക്കാനും കഴിഞ്ഞു. ഇനി അവന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ പ്രാപ്തിയുമായി.
അതുകൊണ്ട് മാണി സാര്‍ കേരള രാഷ്ട്രീയത്തിന്റെ ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമായെടുക്കരുത്. ഒരു നേര്‍വഴി. അതിന് ഒരു പഴുത് നമുക്ക് മുന്നിലുണ്ട്. ആ വഴിക്ക് സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ ഇന്നത്തെ ഭാരത രാഷ്ട്രീയ സാഹചര്യത്തില്‍ കെ.എം.മാണി എന്ന കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കും. “ചിലര്‍ വരുമ്പോള്‍ ചരിത്രം തന്നെ മാറ്റിക്കുറിക്കപ്പെടും.”

Latest