സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; നേതാക്കള്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി

Posted on: August 9, 2014 8:25 am | Last updated: August 9, 2014 at 8:25 am

മലപ്പുറം: ജില്ലയില്‍ സുന്നികള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമത്തില്‍ സുന്നികള്‍ക്ക് നീതി ലഭിക്കണമെന്നും സുന്നികളുടെ ജീവനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പു വരുത്തണമെന്നും ജില്ലാ പോലീസ് സുപ്രണ്ടുമായി നടന്ന ചര്‍ച്ചയില്‍ സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.
അരീക്കോട് തച്ചണ്ണയിലും ഓമച്ചപ്പുഴയിലും പള്ളിക്കല്‍ ബസാറിലും അടക്കം സുന്നി സ്ഥാപനങ്ങളും മഹല്ലുകളും കള്ള രേഖകള്‍ ചമച്ച് പിടിച്ചടക്കാന്‍ ശ്രമിക്കുകയും സുന്നികള്‍ക്കെതിരെ അക്രമം അഴിച്ചു വിടുകയും ചെയ്തിട്ടും ഇത് തടയുന്നതിനും പ്രാഥമിക നീതി ഉറപ്പു വരുത്തുന്നതിനും പോലീസ് ജാഗ്രത പാലിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് നീതി നല്‍കി പരിഹാരങ്ങള്‍ ഉണ്ടാകണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപെട്ടു. എല്ലാ വിഷയങ്ങളും അന്വേഷിച്ച് അടിസ്ഥാന നീതി ഉറപ്പു വരുത്തുമെന്നും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും എസ് പി എസ് ശശികുമാര്‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
സുന്നി മാനേജ്‌മെന്റ് അസോഷിയേഷന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫസര്‍ കെ എം എ റഹീം, എസ് ജെ എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ പി എച്ച് തങ്ങള്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അബ്്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എം അബ്ദുലത്വീഫ് മഖ്ദൂമി, കെ കെ അബൂബക്കര്‍ ഫൈസി എസ് പിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.