Connect with us

Kerala

കെഎംഎംഎല്‍ വാതകചോര്‍ച്ച:ചൊവ്വാഴ്ച ഉന്നതതലയോഗം

Published

|

Last Updated

തിരുവനന്തപുരം: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചു. വൈകീട്ട് 3.30 ന് വ്യവസായ-ഐ ടി മന്ത്രിയുടെ ചേംബറിലാണ് യോഗം. പോലീസ്, കൊച്ചിന്‍ റിഫൈനറിയിലെ രണ്ട് വിദഗ്ധര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കമ്പനിയിലെ ആഭ്യന്തര അന്വേഷണ വിഭാഗം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കമ്പനിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം വിളിച്ചതെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അന്വേഷണ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായെന്ന് തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബുധനാഴ്ച കെ എം എം എല്ലില്‍ നിന്നും വാതകം ചോര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ ആശുപത്രിയിലായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ-ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനെ ചുമതലപ്പെടുത്തിയിരുന്നതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. അന്നു തന്നെ പി എച്ച് കുര്യന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അടുത്ത ദിവസം കെ എം എം എല്‍ മാനേജിംഗ് ഡയറക്ടറെ വിളിച്ചുവരുത്തി നേരില്‍ വിശദീകരണം വാങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും കുട്ടികള്‍ ആശുപത്രിയിലായി എന്നും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടെന്നും വാര്‍ത്തകള്‍ വന്നത്. ഈ സ്ഥിതിയില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രദേശവാസികളുടെ പൂര്‍ണസഹകരണത്തോടെ കേരളത്തിന്റെ അഭിമാന സ്ഥാപനമായ കെ എം എം എല്ലിന്റെ പുരോഗതി ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. .ഇക്കാര്യത്തില്‍ ജനങ്ങളും ജീവനക്കാരും ട്രേഡ് യൂനിയനുകളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാറിനോട് ആത്മാര്‍ഥമായി സഹകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് പുറമേ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി, തൊഴില്‍, പുനരധിവാസമന്ത്രി, കെ എം എം എല്‍ ചെയര്‍മാന്‍ കൂടിയായ ധനകാര്യ, ഐ ടി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം തുടങ്ങിയവര്‍ പങ്കെടുക്കും.

 

---- facebook comment plugin here -----

Latest