Connect with us

National

പത്ത് ജന്‍പഥില്‍ എല്‍ ടി ടി ഇക്ക് ആളുകളുണ്ടായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജന്‍പഥില്‍ എല്‍ ടി ടി ഇക്ക് ആളുകളുണ്ടായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. മുന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍ ഡി പ്രധാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്താനും അന്ന് ആളുകളുണ്ടായിരുന്നു. വസതിയില്‍ നിന്ന് പല നിര്‍ണായക വിവരങ്ങളും എല്‍ ടി ടി ഇക്ക് ചോര്‍ന്നു കിട്ടാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും പ്രധാന്‍ പറയുന്നു. പ്രധാനമന്ത്രിയായിരിക്കെ, രാജീവ് ഗാന്ധി ഈ വസതിയിലാണ് താമസിച്ചിരുന്നത്.
പ്രധാന്റെതായി ഇറങ്ങാന്‍ പോകുന്ന “”മൈ ഇയേഴ്‌സ് വിത്ത് രാജീവ് ആന്‍ഡ് സോണിയ”” എന്ന പുസ്തകത്തിലാണ് വിവാദമായേക്കാകുന്ന വെളിപ്പെടുത്തലുകളുള്ളത്. 1991ല്‍ സോണിയാ ഗാന്ധി അമേത്തിയില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയിരുന്നെങ്കില്‍ രാജീവ് ഗാന്ധിക്ക് സംഭവിച്ച ദുരന്തം അവര്‍ക്കും നേരിടേണ്ടി വരുമായിരുന്നെന്ന് തനിക്കുറപ്പുണ്ടായിരുന്നു. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട അറസ്റ്റുകളും ശിക്ഷകളും നടപ്പാക്കിയെങ്കിലും യാഥാര്‍ഥ്യം പുറത്തു വന്നതായി തനിക്ക് തോന്നുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ആഭ്യന്തര സെക്രട്ടറിയായിരുന്നു പ്രധാന്‍. പിന്നീട് അദ്ദേഹം അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിരുന്നു.
രാജീവ് ഗാന്ധിയെ എല്‍ ടി ടി ഇക്കാര്‍ ആക്രമിച്ചേക്കുമെന്ന കാര്യം അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു. ജന്‍പഥിന് പുറത്ത് കുറച്ച് ശ്രീലങ്കന്‍ പൗരന്‍മാര്‍ താമസിച്ചിരുന്നു. ഇവരുമായി ഗാന്ധി കുടുംബത്തിന് ബന്ധമുണ്ടായിരുന്നു. ഇവരുമായി രാജീവ് ഗാന്ധി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഇക്കാര്യങ്ങള്‍ അധികമാര്‍ക്കും അറിയില്ലായിരുന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഭീഷ്മ നരൈന്‍ സിംഗായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍. അദ്ദേഹം വിചാരിച്ചിരുന്നുവെങ്കില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പ്രധാന്‍ ആരോപിക്കുന്നു. ആ സമയത്ത് തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണമായിരുന്നു. സ്വാഭാവികമായി പ്രധാനമന്ത്രിയുടെ സുരക്ഷാ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കായിരിക്കും. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ഗവര്‍ണര്‍ക്ക് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.എന്നാല്‍ സങ്കീര്‍ണമായ മാനസികാവസ്ഥയാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. രാജീവ് കൊല്ലപ്പെട്ട ശേഷം ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം രാജിവെക്കാന്‍ താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നുവെന്നും നിഷ്ഠൂരമായ വാക്കുകളാണ് താന്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചതെന്നും പ്രധാന്‍ പറയുന്നു. എല്‍ ടി ടി ഇയെ കൂടാതെ സിഖ് തീവ്രവാദികള്‍, ശ്രീലങ്കയിലെ എല്‍ ടി ടി ഇ, അമേരിക്കയുടെ സി ഐ എ എന്നീ സംഘടനകളെല്ലാം രാജീവ് ഗാന്ധിയെ ലക്ഷ്യമിട്ടിരുന്നു. ഏഷ്യയിലെ നേതൃ സ്ഥാനം നേടിയെടുക്കാനുള്ള രാജീവ് ഗാന്ധിയുടെ ശ്രമങ്ങളാണ് സി ഐ എയെ ചൊടിപ്പിച്ചതെന്നും പ്രധാന്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest