കെ എസ് ആര്‍ ടി സി;ധനവകുപ്പിന് 389 കോടിയുടെ നവീകരണപാക്കേജ് സമര്‍പ്പിച്ചു

Posted on: August 9, 2014 6:00 am | Last updated: August 9, 2014 at 12:40 am

ksrtcതിരുവനന്തപുരം:കെ എസ് ആര്‍ ടി സി പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായ പെന്‍ഷന്‍ ഫണ്ട് കൂടി ഉള്‍പ്പെടുത്തി 389 കോടിയുടെ കെ എസ് ആര്‍ ടി സി നവീകരണ പാക്കേജ് ഗതാഗത വകുപ്പ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചു.

ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി വി സോമസുന്ദരത്തിനാണ് പാക്കേജ് കൈമാറിയത്.
രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടായേക്കും. കെ എസ് ആര്‍ ടി സിക്ക് മാത്രമായി പ്രത്യേക പെന്‍ഷന്‍ഫണ്ട് അനുവദിക്കാനാകില്ലെന്ന ധന വകുപ്പിന്റെ കടുംപിടുത്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ തീരുമാനപ്രകാരമാണ് പെന്‍ഷന്‍ ഫണ്ട്കൂടി ഉള്‍പ്പെടുത്തി പുതിയ പാക്കേജ് തയ്യാറാക്കിയത്.
അതേസമയം സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി കെ എസ് ആര്‍ ടി സിയുടെ നവീകരണത്തിന് തുക അനുവദിക്കാമെന്ന് ധനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിവര്‍ഷം 389 കോടി സാമ്പത്തികസഹായം ലഭിക്കുന്നതരത്തിലുള്ള പാക്കേജ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. 289 കോടിയുടെ വിവിധയിനം പദ്ധതി നിര്‍ദേശങ്ങളാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രതിമാസം 20 കോടി രൂപ നിരക്കില്‍ 240 കോടി രൂപ അനുവദിക്കാമെന്നാണ് ധനവകുപ്പ് സമ്മതിച്ചിട്ടുള്ളതെങ്കിലും കെ എസ് ആര്‍ ടി സി 149 കോടി രൂപയുടെ അധികനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു.
ധനവകുപ്പ് തുക വെട്ടിക്കുറച്ചാലും മുമ്പ് ആവശ്യപ്പെട്ട 240 കോടി ലഭിക്കണമെന്നതിനാലാണ് കൂടിയ തുകയുടെ പദ്ധതി തയ്യാറാക്കിയത്. പെന്‍ഷന്‍ഫണ്ടിലേക്ക് ഒരുവര്‍ഷം 12 കോടി രൂപ സമാഹരിക്കുന്നതിനു ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പ്രീമിയമെന്ന നിലയില്‍ ടിക്കറ്റില്‍ സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും പുതിയ ഉത്തരവിറങ്ങുന്നതോടെ പ്രാബല്യത്തില്‍ വരും.
ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് അന്തിമരൂപം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനിടെ കെ എസ് ആര്‍ ടി സിയുമായി സഹകരിക്കാന്‍ നാല് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷ്വറന്‍സ് വാഗ്ദാനം ചെയ്യുന്ന കമ്പനിയുമായി കരാര്‍ ഒപ്പിടും. സെപ്തംബര്‍ ആദ്യവാരത്തോടെ സെസും ഇന്‍ഷ്വറന്‍സും പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം.
15 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് ഒരു രൂപയും 25ന് മുകളിലുള്ളതിന് രണ്ട് രൂപയും 50 രൂപക്ക് മുകളില്‍ മൂന്ന് രൂപയും 75നു മുകളിലെ ടിക്കറ്റിന് നാല് രൂപയും 100ന് മുകളിലുള്ളതിന് അഞ്ച് രൂപയുമാണ് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പ്രീമിയം എന്ന നിലയില്‍ സെസ് ഈടാക്കുക. മാസം 12 കോടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റേതരവരുമാനത്തിനുള്ള നിര്‍ദേശങ്ങളും പാക്കേജിലുണ്ടെന്നാണ് സൂചന.
കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള നയം സര്‍ക്കാറും കോര്‍പറേഷനും രൂപവത്കരിച്ച് ഉടന്‍ പുനരുദ്ധാരണ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം, പെന്‍ഷന്‍കാര്‍ക്ക് ജൂണ്‍ മാസത്തിലെ കുടിശ്ശിക ഭാഗികമായി വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 2,700 രൂപ വീതമാണ് അനുവദിക്കുക. കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനത്തില്‍ 10 ശതമാനം വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിനായി നീക്കിവെക്കണമെന്ന് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ നീക്കിവെക്കുന്ന 10 കോടി രൂപയില്‍നിന്ന് ജൂണ്‍ മാസത്തിലെ പെന്‍ഷന്‍ കുടിശ്ശികയില്‍ ഒരു ഭാഗം വിതരണം ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷനാണ് ഇപ്പോള്‍ കുടിശ്ശികയുള്ളത്.
ഹൈക്കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം ധന വകുപ്പിന്റെ അനുമതിയോടെ വിതരണം നടത്തും. ട്രഷറി ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കുന്നതിനാലാണ് ധനവകുപ്പിന്റെ അനുമതി തേടുന്നത്.