സ്വദേശികള്‍ക്ക് കൈമാറാനുള്ള 663 വീടുകള്‍ സജ്ജമായി

Posted on: August 8, 2014 9:19 pm | Last updated: August 8, 2014 at 9:19 pm
home
അബുദാബി നഗരസഭ സ്വദേശികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളിലൊന്ന്‌

അബുദാബി: വീടില്ലാത്ത സ്വദേശികള്‍ക്കായി നിര്‍മിക്കുന്ന 663 വീടുകള്‍ കൈമാറാന്‍ സജ്ജമായതായി അബുദാബി നഗരസഭാധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തല്‍ ലക്ഷ്യമിട്ട് യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് വീടുകള്‍ നിര്‍മിക്കാന്‍ ഉത്തരവിട്ടത്. പണി പൂര്‍ത്തിയായ വീടുകളാണ് അര്‍ഹരായവര്‍ക്ക് കൈമാറാന്‍ ഒരുങ്ങിയിരിക്കുന്നത്. ശൈഖ് ഖലീഫയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വീടു കൈമാറ്റത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ഇവ കൈമാറുമെന്ന് നഗരസഭ വ്യക്തമാക്കി.
സ്വദേശികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ശൈഖ് ഖലീഫയും ജനറല്‍ ശൈഖ് മുഹമ്മദും ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും പ്രകടിപ്പിക്കുന്ന ഉത്സാഹത്തെ അബുദാബി നഗരസഭ ഡയറക്ടര്‍ ജനറല്‍ ഖലീഫ അല്‍ മസ്‌റൂയി പ്രകീര്‍ത്തിച്ചു. ശൈഖ് ഖലീഫയുടെ ഇത്തരം ജനോപകരാപ്രദമായ നടപടികള്‍ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും അഭിവൃദ്ധിയും അന്തസും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി നഗരസഭ ശൈഖ് ഖലീഫയോടും ജനറല്‍ ശൈഖ് മുഹമ്മദിനോടും ശൈഖ് ഹംദാനോടും അതിയായി കടപ്പെട്ടിരിക്കുന്നു. ശൈഖ് ഖലീഫയുടെ ജനങ്ങളോടുള്ള അതിയായ സ്‌നേഹത്തില്‍ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.