Connect with us

Gulf

കുറ്റാന്വേഷണത്തില്‍ നാഴികക്കല്ലായി ദുബൈ പോലീസിന് രണ്ട് സംവിധാനങ്ങള്‍

Published

|

Last Updated

ദുബൈ: കുറ്റാന്വേഷണ രംഗത്ത് സാങ്കേതിക സൗകര്യങ്ങളുടെ സഹായം ഉപയോഗപ്പെടുത്തി കഴിവുതെളിയിച്ച ദുബൈ പോലീസ്, പുതിയൊരു കാല്‍വെപ്പ് നടത്തി ലോകരാജ്യങ്ങള്‍ക്കൊപ്പമെത്തി. കുറ്റാന്വേഷണ രംഗത്ത് ഏറെ സഹായകരമായ ഡി എന്‍ എ പരിശോധനക്കുള്ള സംവിധാനമാണ് പോലീസിന്റെ ക്രിമിനല്‍ ലാബില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ തീരുമാനമാക്കിയിരുന്ന ഡി എന്‍ എ പരിശോധന കേവലം 86 മിനിറ്റുകൊണ്ട് സാധ്യമാകുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ദുബൈ പോലീസ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. നിലവില്‍ ഈ സംവിധാനം ലോകതലത്തില്‍ ആറ് ക്രിമിനല്‍ ലാബുകളില്‍ മാത്രമാണുള്ളത്. അതിലൊന്ന് ദുബൈ പോലീസിന് സ്വന്തമാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയ സംവിധാനത്തിലൂടെ ചില ഡി എന്‍ എ പരിശോധനകള്‍ നടത്തി വിജയം കണ്ടതായി ദുബൈ പോലീസ് ആവകാശപ്പെട്ടു.
കുറ്റാന്വേഷണ മേഖലയില്‍ പോലീസ് നടത്തിയ മറ്റൊരു കാല്‍വെപ്പ്, കുറ്റകൃത്യങ്ങളില്‍ കക്ഷികളാകുന്നവരുടെ മൊബൈല്‍ ഫോണുകള്‍ സാങ്കേതിക പരിശോധന നടത്താനായി പ്രത്യേക ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചതാണ്. മേഖലയില്‍ തന്നെ ഇത്തരമൊരു സൗകര്യമുള്ളത് ദുബൈ പോലീസിന് മാത്രമാണെന്നും അധികൃതര്‍ അവകാശപ്പെട്ടു.
തീപിടുത്തത്തില്‍ അകപ്പെട്ടതോ വെള്ളത്തില്‍ ഉപേക്ഷിക്കപ്പെട്ടതോ ആയ മൊബൈല്‍ ആണെങ്കില്‍പോലും അതിന്റെ മെമ്മറിയിലുള്ള വിവരങ്ങളെ ബാക്കപ്പ് ചെയ്യാന്‍ സാധിക്കുന്ന നൂതന സാങ്കേതികവിദ്യ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ലാബില്‍ ലഭ്യമാണ്. ദുബൈ പോലീസ് മേധാവി ബ്രിഗേഡിയര്‍ ഖമീസ് മതര്‍ അല്‍ മസീനയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ ലാബില്‍ മൊബൈല്‍ മെമ്മറിയുടെ ബാക്കപ്പും അനുബന്ധ കാര്യങ്ങളും നടക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest