Connect with us

Gulf

ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ദുബൈ ശ്രമം

Published

|

Last Updated

ദുബൈ: ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ദുബൈ ശ്രമം നടത്തുമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അലി ഉമര്‍ അറിയിച്ചു.

ദുബൈ ഇതിനുവേണ്ടി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിക്കും. ഒളിമ്പിക്‌സ് നടത്തുക എന്നത് ദുബൈയുടെ സ്വപ്‌ന പദ്ധതിയാണ്. അടുത്ത എട്ടുവര്‍ഷത്തിനകം അപേക്ഷ നല്‍കുകയും നേടിയെടുക്കുകയും ചെയ്യും. 2016 ഒളിമ്പിക്‌സ് ബ്രസീലിലെ റിയോഡി ജെനീറോയിലാണ്. 2020 ജപ്പാനിലെ ടോക്യോയിലും നടക്കും. 2024ലെ ഒളിമ്പിക്‌സിന്റെ അപേക്ഷ ക്ഷണിക്കുമ്പോള്‍ ദുബൈ രംഗത്തുണ്ടാകും. ജര്‍മന്‍ നഗരമായ ബെര്‍ലിനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നടക്കുന്നതും 2020ലെ വേള്‍ഡ് എക്‌സ്‌പോ ദുബൈയില്‍ നടക്കുന്നതും ആവേശം പകരുന്ന ഘടകങ്ങളാണ്. ഖത്തറിന്റെ ശ്രമം മേഖലക്കാകെ ഗുണം ചെയ്യും- അലി ഉമര്‍ പറഞ്ഞു.
2006ല്‍ 15-ാമത് ഏഷ്യന്‍ ഗെയിംസ് ദോഹയിലാണ് നടന്നത്. അറബ് നഗരത്തില്‍ ആദ്യമായിരുന്നു ഏഷ്യന്‍ ഗെയിംസ്. ഇത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രചോദനമായി. ദുബൈയില്‍ പ്രതിവര്‍ഷം ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നുണ്ട്. ഐ പി എല്‍ ട്വന്റി 20 ക്രിക്കറ്റ് ഈയിടെ വന്‍വിജയമായിരുന്നു. അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളില്‍ രാജ്യാന്തര ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇടക്കിടെ നടക്കാറുണ്ട്. ദുബൈയിലെ സ്‌പോര്‍ട്‌സ് മത്സര സൗകര്യങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്. ഒളിമ്പിക്‌സിനു പുറമെ ഏഷ്യന്‍ ഗെയിംസിനു വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഹ്മദ് ശരീഫ് പറഞ്ഞു.
നിരവധി ഹൈടെക് സ്റ്റേഡിയങ്ങള്‍ ദുബൈക്കുണ്ടെന്ന് അഹ്മദ് ശരീഫ് ചൂണ്ടിക്കാട്ടി.