സേവന നിറവില്‍ നാഷനല്‍ ആംബുലന്‍സ്

Posted on: August 8, 2014 5:52 pm | Last updated: August 8, 2014 at 5:52 pm

ambulanceഅബുദാബി: രാജ്യത്ത് അപകടത്തില്‍പ്പെടുന്നവരെ അതിവേഗം ആശുപത്രികളില്‍ എത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച് നാഷനല്‍ ആംബുലന്‍സ്. വടക്കന്‍ എമിറേറ്റുകളില്‍ വാഹനാപകടം ഉള്‍പ്പെടെയുള്ളവയില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്നതിനായാണ് നാഷനല്‍ ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. നാഷനല്‍ ആംബുലന്‍സിന്റെ കേന്ദ്രീകൃത ഓഫീസിലേക്കാണ് അപകടത്തില്‍ അകപ്പെടുന്നവര്‍ക്ക് സഹായത്തിന് വിളിക്കാന്‍ സാധിക്കുക. കേന്ദ്രീകൃത ഓഫീസില്‍ കോളുകള്‍ സ്വീകരിക്കാനായി 12 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഷിഫ്റ്റായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലഭിക്കുന്ന കോളുകളില്‍ നിന്നും സ്വീകരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏത് മേഖലയിലാണോ അപകടം സംഭവിച്ചതെന്ന് നോക്കി ആ മേഖലയോട് അടുത്ത് നില്‍ക്കുന്ന ആംബുലന്‍സിനെ അപകട സ്ഥലത്തേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കുന്ന സംവിധാനമാണ് നാഷനല്‍ ആംബുലന്‍സിന്റെ അബുദാബിയിലെ കോളിംഗ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ അപകടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കാന്‍ നാഷനല്‍ ആംബുലന്‍സ് സര്‍വീസിന് സാധിക്കുന്നൂ.

ഡ്യൂട്ടിയിലിരിക്കെ അപകടം സംഭവിച്ചതായി വിവരം ലഭിച്ചാല്‍ ആ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് വിംഗിനെ വിവരം അറിയിക്കലാണ് ഉടനടി ചെയ്യാറെന്ന് ഇവിടെ ടെലിഫോണ്‍ അറ്റന്റ് ചെയ്യുന്ന ജീവനക്കാരനായ ഉമര്‍ അല്‍ മതര്‍ വ്യക്തമാക്കി. വിവിധ എമിറേറ്റുകളിലെ അപകടങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ എട്ടു പേരാണ് ഓരോ ഷിഫ്റ്റിലും ജോലി ചെയ്യുന്നത്. അപകട മേഖലയില്‍ അപകടാവസ്ഥ തുടരുന്ന കേസുകളില്‍ അടുത്തേക്ക് പോകരുതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത്തരം കേസുകളില്‍ പോലീസിനായി കാത്തിരിക്കും. പോലീസ് എത്തിയ ശേഷം ആംബുലന്‍സിന്റെ പാരാമെഡിക്കല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് ജോലി ആരംഭിക്കുക. റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട കോളുകളാണ് ഏറ്റവും അധികം വരിക. സ്‌ട്രോക്ക്, ഹൃദയാഘാതം, പ്രസവ വേദന തുടങ്ങിയവയുമായി ബന്ധപ്പെട്ടും വൈദ്യസഹായം ഉള്‍പ്പെടെയുള്ളവക്ക് ആളുകള്‍ നാഷനല്‍ ആംബുലന്‍സിന്റെ സഹായം ആവശ്യപ്പെടാറുണ്ടെന്നും ഉമര്‍ വെളിപ്പെടുത്തി.
നാഷനല്‍ ആംബുലന്‍സിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് അബുദാബിയിലെ ഇത്തിഹാദ് ടവറിലാണ്. വടക്കന്‍ എമിറേറ്റുകളുടെ വിശാലവും ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ളതുമായ മേഖലകളാണ് ജോലിയിലെ ഏറ്റവും വലിയ പ്രതിസന്ധി. ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ അതാത് മേഖലയോട് ചേര്‍ന്ന സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ അറിയിക്കുക പലപ്പോഴും ശ്രമകരമാണ്. വിളിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വാഹനം അപകടത്തില്‍ അകപ്പെട്ട ആ പ്രദേശത്തെക്കുറിച്ച് കാര്യമായി അറിയണമെന്നില്ല. എന്നാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു വിവരം കൈമാറുന്ന ആള്‍ക്ക് പ്രദേശത്തിന്റെ കൃത്യമായ ധാരണ ഉണ്ടെങ്കിലേ ആംബുലന്‍സ് ഉള്‍പ്പെട്ട സംഘത്തെ അങ്ങോട്ട് പോകാന്‍ നിര്‍ദ്ദേശിക്കാന്‍ സാധിക്കൂ. ഇത്തരം കേസുകളില്‍ അപകടത്തില്‍പ്പെട്ട ആളോട് അവര്‍ നില്‍ക്കുന്ന പ്രദേശത്തിന് സമീപത്ത് തിരിച്ചറിയാന്‍ സാധിക്കുന്ന വല്ലതും ഉണ്ടോയെന്ന് ആരായും. മരുഭൂമിയിലെ റോഡുകളിലാണ് അപകടമെങ്കില്‍ ഞങ്ങളും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ കുഴഞ്ഞതു തന്നെയെന്നും ഉമര്‍ പറയുന്നു.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുകയും ആ മേഖല തിരിച്ചറിയാന്‍ സമയം എടുക്കുകയും ചെയ്യുന്ന ഒരോ മിനുട്ടിലും പരുക്കേറ്റ ആള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സമയമാണ് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന ബോധം ഓരോ ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യുമ്പോഴും മനസ് ഓര്‍മിപ്പിക്കാറുണ്ടെന്ന് മറ്റൊരു കോള്‍ അറ്റന്റിംഗ് ജീവനക്കാരനായ മുഹമ്മദ് അബ്ദൂഹ് പറഞ്ഞു. മനുഷ്യ ജീവന്‍ രക്ഷിക്കുന്ന വിഷയത്തില്‍ കോള്‍ ഹാന്റ്‌ലറും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറുമെല്ലാം ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.