Connect with us

Malappuram

ധരിക്കും മുമ്പെ ചുരിദാര്‍ കളറിളകി; 10000 രൂപ പിഴയടക്കാന്‍ വിധി

Published

|

Last Updated

മഞ്ചേരി: ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ കളറിളകിയ ചുരിദാര്‍ വില്‍പ്പന നടത്തിയ കടയുടമ വസ്ത്രത്തിന്റെ വിലക്ക് പുറമെ പതിനായിരം രൂപ പിഴയടക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.
പെരിന്തല്‍മണ്ണ ഹോസ്പിറ്റല്‍ റോഡിലെ കെ എം ടി സില്‍ക്ക് ഉടമ കെ അബ്ദുല്‍ മാലിക്കിനെയാണ് ജഡ്ജി കെ മുഹമ്മദലി, മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷിച്ചത്. തിരൂര്‍ക്കാട് കാരുമുകില്‍ നൗഫല്‍ ആണ് പരാതിക്കാരന്‍. 2013 ഒക്‌ടോബര്‍ 11ന് 1114 രൂപ വില നല്‍കി വാങ്ങിയ ചുരിദാറും ബ്ലൗസ് പീസുമാണ് കളറിളകി ഉപയോഗ ശൂന്യമായത്. ചുരിദാര്‍ മാറ്റിത്തരികയോ പണം തിരികെ നല്‍കുകയോ വേണമെന്ന ഉപഭോക്താവിന്റെ ആവശ്യ കടയുടമ നിരാകരിക്കുകയായിരുന്നു. വിറ്റ സാധനങ്ങളുടെ വില തിരിച്ച് നല്‍കുന്നതല്ലെന്നും കളറിന് ഗ്യാരണ്ടിയില്ലെന്നും വിവാഹ വസ്ത്രങ്ങള്‍ മാറ്റി നല്‍കില്ലെന്നും ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കടയുടമയുടെ വാദം കോടതി അംഗീകരിച്ചില്ല. വിറ്റസാധനങ്ങള്‍ തിരിച്ചെടുക്കുകയില്ലെന്ന വ്യാവസ്ഥ നിയമ വിരുദ്ധമാണെന്നും ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.
അഭിഭാഷകന്റെ സഹായമില്ലാതെയാണ് പരാതിക്കാരന്‍ കേസ് നടത്തിയത്. വസ്ത്രത്തിന്റെ വിലയായ 1114 രൂപ, നഷ്ടപരിഹാരമായി 7500 രൂപ, കോടതി ചെലവ് 2500 രൂപ എന്നിവ ഒരു മാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Latest