അല്‍ഐനില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

Posted on: August 8, 2014 12:59 am | Last updated: August 9, 2014 at 12:37 am

AL AIN ACCIDENTഅല്‍ഐന്‍:അല്‍സാദ് സുവൈഹാന്‍ പാതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. അരീക്കോട് കല്ലുരിട്ടിക്കല്‍ തെരട്ടമ്മല്‍ സ്വദേശി വലിയ പീടിയേക്കല്‍ ശറഫുദ്ദീന്റെ മകന്‍ അസ്‌ലം (24), തിരൂര്‍ കുറ്റൂര് വെങ്ങല്ലൂര്‍ പരേതരായ കരിമ്പനക്കല്‍ കുഞ്ഞിമൊയ്തീന്‍- ഫാത്വിമക്കുട്ടി ദമ്പതികളുടെ മകന്‍ നസീബുദ്ദീന്‍ എന്ന കുഞ്ഞുട്ടി (33), തിരൂര്‍ കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ അണ്ണത്ത് പോക്കര്‍-കദിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ശരീഫ് (30) എന്നിവരാണ് മരിച്ചത്.

പത്ത് ദിവസത്തെ എമര്‍ജന്‍സി അവധിക്ക് പി എസ് സി പരീക്ഷ എഴുതുന്നതിന് നാട്ടില്‍ പോയിമടങ്ങിയെത്തിയ അസ്‌ലമിനെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിവരുന്നതിനിടെ സുവൈഹാന്‍ അല്‍ സാദ് പാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്കാണ് അപകടം സംഭവിച്ചത്.
നിര്‍ത്തിയിട്ട ടാങ്കര്‍ലോറിയുടെ പിറകില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. പ്രാഥമിക നടപടിക്രമങ്ങള്‍ക്ക് സുവൈഹാനിലെ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ജീമി ആശുപത്രിയിലേക്ക് മാറ്റിയത്.
വൈകുന്നേരം നാല് മണിക്ക് ശേഷമാണ് മരണ വിവരം ബന്ധുക്കളും കൂട്ടുകാരും അറിഞ്ഞത്. അസ്‌ലം അഡ്‌നോക്ക് ജീവനക്കാരനും നസീബുദ്ദീന്‍ അബൂസമാറയിലെ മുഹബാസ് റസ്റ്റോറന്റിലെ പാചകക്കാരനുമാണ്. മുഹമ്മദ് ശരീഫ് ഏഴ് വര്‍ഷത്തോളമായി അബൂസമറയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നസീബുദ്ദീന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഐന്‍ മൃഗശാലയിലാണ് ജോലി ചെയ്യുന്നത്. മറ്റൊരു സഹോദരന്‍ റസാഖ് അല്‍ ഐനില്‍ കമ്പനി ജീവനക്കാരനാണ്. ഭാര്യ താനാളൂര്‍ സ്വദേശിനി ബുഷ്‌റ, മൂന്ന് മക്കളുണ്ട്.
ശരീഫിന്റെ ഭാര്യ ചെമ്പിക്കല്‍ സ്വദേശിനി ഹബീബ. മക്കള്‍: അജ്മല്‍ (ആറ്), ഫാത്വിമ (ഒന്നര). രണ്ട് വര്‍ഷമായി അബൂസമറയില്‍ അഡ്‌നോക്കില്‍ ഫില്ലറായി തൊഴിലെടുക്കുന്ന അസ്‌ലം അവിവാഹിതനാണ്. മൃതദേഹങ്ങള്‍ ജീമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ക്കായി ബന്ധുക്കളും അല്‍ ഐനിലെ സന്നദ്ധ സംഘടനകളും ശ്രമം ആരംഭിച്ചിട്ടുണ്ട്.