മലപ്പുറം പണ്ഡിത ദര്‍സുകള്‍ ഈമാസം 15ന് തുടങ്ങും

Posted on: August 8, 2014 12:49 am | Last updated: August 10, 2014 at 12:37 am

മലപ്പുറം: എസ് വൈ എസിനും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്കും കീഴില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയും പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നടത്തിവരുന്ന പണ്ഡിത ദര്‍സുകള്‍ ആഗസ്റ്റ് 15ന് രാവിലെ 7.30ന് കോട്ടപ്പടി ടൗണ്‍ സുന്നി മസ്ജിദില്‍ ഫത്ഹുല്‍ മുഈന്‍ ദര്‍സോടെ ആരംഭിക്കും. എട്ട് വര്‍ഷമായി നടന്നുവരുന്ന ഫത്ഹുല്‍ മുഈന്‍ ദര്‍സില്‍ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ പ്രതിപാദിക്കുന്ന ഭാഗമാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ ശാസ്ത്രത്തില്‍ രചിക്കപ്പെട്ട ഇമാം തഫ്താസാനിയുടെ ലോകപ്രശസ്ത ഗ്രന്ഥമായ ശര്‍ഹുല്‍ അഖാഇദിന്റെ മാസത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദര്‍സ് ആഗസ്റ്റ് 22ന് വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ആഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പണ്ഡിത ദര്‍സോടെ ഇവിടെ മാസത്തില്‍ രണ്ട് തവണകളിലായി നടക്കുന്ന മിന്‍ഹാജ് പണ്ഡിത ദര്‍സിനും തുടക്കമാകും. നേരത്തെ സംബന്ധിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതരും പുതുതായി ചേരാനാഗ്രഹിക്കുന്ന പണ്ഡിതരും ഓരോ ദര്‍സിലും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവിധ ദര്‍സുകളുടെ ഉദ്ഘാടനത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ആനക്കയം സൈതലവി ദാരിമി, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി, സത്താര്‍ സഖാഫി മൂന്നിയൂര്‍, പല്ലാര്‍ ഹസന്‍ ബാഖവി, അലവി സഖാഫി കൊളത്തൂര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, കുഞ്ഞാപ്പ ഫൈസി മുടിക്കോട്, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ബശീര്‍ അഹ്‌സനി വടശ്ശേരി, മുഹമ്മദ് അഹ്‌സനി കോഡൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.