സോണിയക്കും രാഹുലിനുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിന് സ്റ്റേ

Posted on: August 7, 2014 7:34 am | Last updated: August 7, 2014 at 7:34 am

rahul soniyaന്യുഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നത് ഈ മാസം 13 വരെ ഡല്‍ഹി ഹൈക്കോടതി സ്റ്റെ ചെയ്തു.
സോണിയയും മകന്‍ രാഹുല്‍ ഗാന്ധിയും ഫയല്‍ ചെയ്ത ഹരജിയില്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിക്കും ഡല്‍ഹി സര്‍ക്കാറിനും കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച നാഷനല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന കമ്പനിയുടെ പണം ദുര്‍വ്യയം ചെയ്തുവെന്നും വഞ്ചന കാണിച്ചുവെന്നും ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത ഹരജിയില്‍ വിചാരണാ കോടതി സോണിയക്കും രാഹുലിനും മറ്റു നാല് പേര്‍ക്കും സമന്‍സ് അയച്ചിരുന്നു. സമണ്‍സുമായി ബന്ധപ്പെട്ടാണ് സോണിയയും രാഹുലും ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനും സോണിയക്കും പുറമെ കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരായ സുമന്‍ ദുബെ, സാം പിത്രോഡ എന്നിവര്‍ക്കും ജൂണ്‍ 26നാണ് വിചാരണാ കോടതി സമന്‍സ് അയച്ചത്. ആഗസ്റ്റ് ഏഴിന് മുമ്പ് ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാകണം.