സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു: രാഹുല്‍

Posted on: August 7, 2014 7:32 am | Last updated: August 7, 2014 at 7:32 am

rahul gandhiന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുകയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. അതിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങിയത്.
സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു വ്യക്തിയുടെ വാക്ക് മാത്രം കേട്ടാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാറിന്റെതെന്നും ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരാളുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. തങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ തയാറാകുന്നില്ല. ചര്‍ച്ചയാണ് ആവശ്യം, സ്പീക്കര്‍ പക്ഷപാതം കാട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ഉത്തര്‍പ്രദേശിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടിയതോടെ സഭ പ്രക്ഷുബ്ധമായി. എന്നാല്‍ സ്പീക്കര്‍ ഇതിന് അവതരണാനുമതി നിഷേധിച്ചു. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ കക്ഷികള്‍ മുദ്രാവാക്യം മുഴക്കി.
അതേസമയം എന്‍ ഡി എ സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് സമാധാനം പുലരുന്നതില്‍ കോണ്‍ഗ്രസിന് നിരാശയാണെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതേസമയം സഭാ നടപടികള്‍ സുഗമമായി നടക്കണമെന്നും ഇതിന് സ്പീക്കറുടെ അനുമതി ആവശ്യമാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ നടപടികളെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരുന്നു.