Connect with us

Eranakulam

സി പി എം സഹവാസ ക്യാമ്പുകള്‍ ഗൂഢാലോചനാ കേന്ദ്രങ്ങളാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്ക

Published

|

Last Updated

കൊച്ചി: പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സി പി എം സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനാ കേന്ദ്രങ്ങളാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്ക. ഈ മാസം അവസാനമാണ് വിവിധ ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുക്കുന്ന പഠനോത്സവം സഹവാസ ക്യാമ്പുകള്‍ സംസ്ഥാനവ്യാപകമായി നടക്കുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹികള്‍ക്കിടയില്‍ ഐക്യവും കെട്ടുറപ്പും സംഘടനാ ബോധവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന സഹവാസ ക്യാമ്പുകള്‍ പക്ഷെ, പാര്‍ട്ടി സമ്മേളനങ്ങളില്‍ കമ്മിറ്റികള്‍ പിടിച്ചെടുക്കുന്നതിനും എതിരാളികളെ വെട്ടിനിരത്തുന്നതിനുമുള്ള രഹസ്യ കൂടിയിലോചനകളുടെ വേദിയാക്കാനാണ് വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പാര്‍ട്ടി ഭാരവാഹികള്‍ തന്ത്രം മെനയുന്നത്.
രണ്ട് ദിവസം ഒരു സ്ഥലത്ത് കൂടിച്ചേരുന്ന ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും രാത്രിയില്‍ അതാത് സ്ഥലത്തെ പ്രവര്‍ത്തകരുടെ വീടുകളിലാണ്താമസമൊരുക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ, രഹസ്യമായി ഗ്രൂപ്പ് യോഗം ചേരുന്നത് അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുമെന്ന് ഭയപ്പെട്ടിരുന്ന ഒരു വിഭാഗം നേതാക്കള്‍ക്ക് സഹവാസ ക്യാമ്പ് ഇതിനുള്ള സുവര്‍ണാവസരമായിരിക്കുകയാണ്. ജില്ലയില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്ന മുളന്തുരുത്തി, കൂത്താട്ടുകുളം ഏരിയാ കമ്മിറ്റികളിലൊക്കെ സഹവാസ ക്യാമ്പുകള്‍ ചൂടേറിയ വിഭാഗീയ നീക്കങ്ങള്‍ക്ക് വേദിയായി മാറുമെന്നാണ് പാര്‍ട്ടിയിലെ നിഷ്പക്ഷര്‍ പറയുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും 8, 9, 10 തീയതികളില്‍ ചേരുന്നുണ്ട്്. സഹവാസ ക്യാമ്പുകളിലെ മുഖ്യ ആലോചനാ വിഷയങ്ങളിലൊന്ന് സമ്മേളനങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ തന്നെയായിരിക്കും. എറണാകുളം ജില്ലയിലെ 20 ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ 23, 24, 30, 31 തീയതികളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്.