വനം വകുപ്പിലെ വാച്ചര്‍ നിയമനം: പി എസ് സി റാങ്ക് ലിസ്റ്റില്‍ വന്‍ ക്രമക്കേട്‌

Posted on: August 7, 2014 12:09 am | Last updated: August 7, 2014 at 12:09 am

കണ്ണൂര്‍: സംസ്ഥാനത്ത് അറുനൂറോളം ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കുന്നതിന് പി എസ് സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവരെ തഴഞ്ഞും പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുടെ സമുദായക്കാരെ മാത്രം പരിഗണിച്ചും തയ്യാറാക്കിയ പട്ടികയില്‍ ഭൂരിഭാഗവും അനര്‍ഹര്‍ സ്ഥാനം പിടിച്ചെന്നാണ് വീണ്ടും പരാതിയുയര്‍ന്നിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പി എസ് സിക്കും മറ്റുമെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനലില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. ഉദ്യോഗനിയമന മാനദണ്ഡത്തിന് വിരുദ്ധമായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കി പുനര്‍വിജ്ഞാപനം നടത്തണമെന്നാവശ്യപ്പെട്ടാണ് ട്രൈബ്യൂനല്‍ മുമ്പാകെ ആദിവാസി ദലിത് മുന്നേറ്റ സമിതി പരാതി നല്‍കിയത്. വനം വകുപ്പിലെ വാച്ചര്‍ നിയമനത്തിന് എഴുത്ത് പരീക്ഷ നടത്താതെ കൂടിക്കാഴ്ച മാത്രം നടത്തിയാണ് പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. കൂടാതെ അഭിമുഖം നടത്തേണ്ട ഉദ്യോഗസ്ഥരുടെ കാര്യത്തിലും അധികൃതര്‍ തിരിമറി നടത്തിയെന്നും ആദിവാസി സംഘടനാ നേതൃത്വം ആരോപണമുന്നയിക്കുന്നുണ്ട്.
പി എസ് സി അംഗത്തിന് പുറമെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുമാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ വേണ്ടതെന്നാണ് നിലവിലുള്ള ചട്ടപ്രകാരം പറയുന്നത്. എന്നാല്‍ ഇത് അട്ടിമറിച്ച് ഡി എഫ് ഒയും ജില്ലാ പട്ടികവര്‍ഗ ഓഫീസറുമാണ് ഇന്റര്‍വ്യൂ നടത്തിയത്. വനം, പട്ടിക വര്‍ഗ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് ഇടപെട്ട് മുന്‍കൂട്ടി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള നിയമനത്തിനാണ് ഇത്തരമൊരു ഇന്റര്‍വ്യൂ ബോര്‍ഡിനെ അധികൃതര്‍ നിയമിച്ചതെന്നും ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. വിരലിലെണ്ണാവുന്ന ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ക്ക് കൂടി എഴുത്ത് പരീക്ഷ നടത്തി നിയമനം നല്‍കുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്‍ 8500- 13250 ശമ്പള നിരക്കിലുള്ള തസ്തികയിലേക്ക് അഭിമുഖം മാത്രം നടത്തി പട്ടിക തയ്യാറാക്കിയത് സര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും കൊയ്യോന്‍ ആരോപിച്ചു. നിയമനത്തിനായുള്ള അറിയിപ്പ് പി എസ് സി ഇതിനകം പലര്‍ക്കും നല്‍കിത്തുടങ്ങിയിട്ടുമുണ്ട്.
കണ്ണൂര്‍ ജില്ലയിലുള്‍പ്പെടെയുള്ള പല സ്ഥലങ്ങളില്‍ നിന്നും പണിയ വിഭാഗമടക്കമുള്ള ആദിവാസി വിഭാഗങ്ങളൊന്നും നിയമന സാധ്യതയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ആദിവാസി സംഘടനകള്‍ ഉയര്‍ത്തുന്ന മറ്റൊരാരോപണം. ആറളം വന്യജീവി കേന്ദ്രത്തിനകത്ത് പതിറ്റാണ്ടുകളോളമായി താമസിച്ചിരുന്ന പണിയ കുടുംബങ്ങളിലുള്ളവര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഇവരുടെയിടയില്‍ നിന്ന് ബിരുദ പഠനം നടത്തിയ സി കെ സുകുവിനെ റാങ്ക് ലിസ്റ്റില്‍ നിയമനം ലഭിക്കാനിടയില്ലാത്ത പട്ടികയിലാണ് ചേര്‍ത്തിട്ടുള്ളതെന്നും പരാതിയുണ്ട്. നല്ല ശമ്പള സ്‌കെയിലിലുള്ള നിയമനമാണ് ഇപ്പോഴുള്ള വനം വാച്ചര്‍ തസ്തികയെന്നതിനാല്‍ പട്ടികവര്‍ഗക്ഷേമ മന്ത്രിയുടെ സമുദായക്കാരെ കൂടുതലായും ഉള്‍പ്പെടുത്തിയാണ് പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ആദിവാസി ഗോത്ര ജനസഭയും വ്യക്തമാക്കി. തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിലെല്ലാം തീര്‍ത്തും ദരിദ്രാവസ്ഥയില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്ന രീതിയിലാണ് നിയമന പട്ടിക തയ്യാറാക്കിയതെന്ന് ജനസഭാ നേതൃത്വം വ്യക്തമാക്കി. പുനര്‍വിജ്ഞാപനം നടത്തി എഴുത്ത് പരീക്ഷ മാനദണ്ഡമായി സ്വീകരിച്ച് വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം എട്ടിന് കണ്ണൂര്‍ പി എസ് സി ഓഫീസിന് മുന്നില്‍ സമരം നടത്താനും ആദിവാസി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.