പട്ടയ സമരം: കേരള കോണ്‍ഗ്രസിന്റെ നിര്‍ണായ യോഗം നാളെ പൈനാവില്‍

Posted on: August 7, 2014 3:08 am | Last updated: August 8, 2014 at 2:06 am

കോട്ടയം: ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്‌നം ഉയര്‍ത്തി കേരള കോണ്‍ഗ്രസ് ആരംഭിക്കുന്ന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള ആദ്യ യോഗം നാളെ പൈനാവില്‍ ചേരും. കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ചേരുന്ന യോഗ തീരുമാനങ്ങള്‍ കേരള കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം എന്ന ആവശ്യം ഉയര്‍ത്തിയാണ് സമര പരിപാടികള്‍ക്ക് പാര്‍ട്ടി തുടക്കമിടുന്നത്. ഇക്കാര്യത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കമുള്ള സംഘടനകളുടെ പിന്തുണ കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നും അറിയുന്നു.
കസ്തൂരിരംഗന്‍ റിപോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി കൈക്കൊണ്ട തണുപ്പന്‍ നിലപാട് കേരള കോണ്‍ഗ്രസിന്റെ പ്രധാന ശക്തികേന്ദ്രമായ ഇടുക്കി ജില്ലയിലെ അണികള്‍ക്കിടയില്‍ വന്‍ കൊഴിഞ്ഞുപോക്കിന് വഴി വെച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഈ മുറിവ് ഉണക്കുക എന്ന ലക്ഷ്യവും പട്ടയ സമരം സജീവമാക്കുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. ഇടുക്കി ജില്ലയില്‍ നിന്നുള്ള മുഴുവന്‍ നേതാക്കളെയും അണികളെയും യോഗത്തില്‍ എത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം ഇടുക്കി ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുഴുവന്‍ എം എല്‍ എമാരും എം പിമാരും യോഗത്തില്‍ പങ്കെടുക്കും. ഉപാധികളോടെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസിന്റെത്.
പശ്ചിമ ഘട്ട സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക അസാധ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വെല്ലുവിളികള്‍ നിലനില്‍ക്കെ, ഉപാധിരഹിത പട്ടയം എന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ലക്ഷ്യത്തിലെത്തിക്കുക യു ഡി എഫ് സര്‍ക്കാറിന് അപ്രായോഗികമാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പട്ടയ സമരം കോണ്‍ഗ്രസിനെതിരെ ആയുധമാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക വികാരം ആളിക്കത്തിച്ച് കെ എം മാണിയുടെ മുഖ്യമന്ത്രി പദവി ഇടതുപക്ഷവുമായി കൈകോര്‍ത്ത് നേടിയെടുക്കാനും പാര്‍ട്ടി പട്ടയ സമരത്തിലൂടെ ലക്ഷ്യമിടുന്നു. നാളത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങളാകും കേരള കോണ്‍ഗ്രസിന്റെ വരും ദിവസങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിശ്ചയിക്കുക. ഈ മാസം 19 ന് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന നിര്‍വാഹക സമിതിയും 22ന് ഉന്നതാധികാര സമിതിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.