ചവറ കെ എം എം എല്ലില്‍ വാതക ചോര്‍ച്ച; വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Posted on: August 7, 2014 12:07 am | Last updated: August 7, 2014 at 12:07 am

കൊല്ലം: ചവറ കെ എം എം എല്ലില്‍ ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ ശങ്കരമംഗലം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 65 ഓളം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു വാതകച്ചോര്‍ച്ച. രൂക്ഷമായ ഗന്ധം ശ്വസിച്ച് ശ്വാസംമുട്ടല്‍, ഛര്‍ദി എന്നിവ അനുഭവപ്പെട്ട കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിക്കിടയില്‍ തളര്‍ന്ന് വീഴുകയായിരുന്നു.
ഇവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. വീടുകളില്‍ എത്തിയ പല കുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതുമൂലം ഇവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാതകം ശ്വസിച്ച് അവശരായ 58 കുട്ടികളില്‍ 44 പേരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും 14 പേരെ ടൈറ്റാനിയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ-യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി കെ എം എം എല്‍ ഉപരോധിച്ചു. സമരത്തിനിടെ, പോലീസുമായുണ്ടായ ഉന്തുംതള്ളലില്‍ ആര്‍ വൈ എഫ് ജില്ലാ പ്രസിഡന്റ് പുലത്തറ നൗഷാദിന് പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആര്‍ ഡി ഒയെ പ്രവര്‍ത്തകര്‍ തടഞ്ഞു.