Connect with us

Gulf

ഉംറ തീര്‍ഥാടകരെ ഒഴിപ്പിക്കുന്നു; ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

Published

|

Last Updated

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ വിദേശ ഉംറ തീര്‍ഥാടകര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സഊദി നടപടികള്‍ ഊര്‍ജിതപ്പെടുത്തി. 90 ശതമാനം വിദേശ ഉംറ തീര്‍ഥാടകര്‍ റമസാന്‍ അവസാനത്തോടെ തന്നെ രാജ്യം വിട്ടിട്ടുണ്ട്. ബാക്കിയുള്ളവരുടെ സമയപരിധി ഈ മാസം 11 ആണ്. ഈ സാഹചര്യത്തിലാണ് സഊദി നടപടി ഊര്‍ജിതപ്പെടുത്തിയത്. ഈ ദിവസം കഴിഞ്ഞാല്‍ ഹാജിമാരെ സ്വാഗതം ചെയ്യുമെന്ന് ഹജ്ജ് മന്ത്രാലയ വക്താവ് അലി അല്‍ ഖംദി പറഞ്ഞു. 60 ലക്ഷം പേരാണ് ഇത്തവണ ഉംറ നിര്‍വഹിക്കാന്‍ സഊദിയിലെത്തിയത്. കര, വ്യോമ മാര്‍ഗങ്ങള്‍ വഴി ഭൂരിപക്ഷം പേരും രാജ്യം വിട്ടതായി അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള തീര്‍ഥാടകരുടെ നീക്കങ്ങള്‍ തങ്ങളുടെ ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങള്‍ വഴി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലുമുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് ഹജ്ജ് മന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള ഗതാഗത സംവിധാനം ഇതില്‍ പ്രധാനപ്പെട്ടതാണെന്ന് അലി അല്‍ ഖംദി പറഞ്ഞു. കഴിഞ്ഞ ദിവസം ഹജ്ജ് മന്ത്രി ബന്ദര്‍ ഹജര്‍ ഉംറ തീര്‍ഥാടകരുടെ അവസാന ഘട്ട മടക്കം സംബന്ധിച്ച് അവലോകനം നടത്തി. ഈ മാസാവസാനത്തോടെ ആദ്യ വിദേശ ഹജ്ജ് വിമാനം രാജ്യത്തെത്തുമെന്ന് അല്‍ ഖംദി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ആദ്യമെത്തുക. ഇതിന് മുമ്പായി മുഴുവന്‍ വിദേശ ഉംറ തീര്‍ഥാടകരും മടങ്ങിപ്പോകേണ്ടതുണ്ട്.