Connect with us

Ongoing News

ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറക്കും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് രൂപം നല്‍കിയ കേരള വിഷന്‍ 2030ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പാരിസ്ഥിതിക സുസ്ഥിരത, സാമൂഹിക സുസ്ഥിരത എന്നിവ ഉറപ്പ് വരുത്തിയുള്ള അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യമേഖലയിലെ വികസനം, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, തൊഴില്‍ കമ്പോള കാര്യക്ഷമത, സാങ്കേതിക വിദ്യയുടെ ഉപയോഗം, നൂതന ആശയങ്ങള്‍ എന്നിവക്കാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ നിലവിലെ 9.9 ശതമാനത്തില്‍ നിന്ന് 2030ഓടെ രണ്ട് ശതമാനമായി കുറക്കുമെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം. അടിസ്ഥാന സൗകര്യമേഖലയും വ്യവസായരംഗവും വളര്‍ച്ചനേടാന്‍ ഓരോ ഗ്രാമത്തിലും ഓരോ ഉത്പ്പന്നവും ഓരോ നഗരത്തിലും ഓരോ വ്യവസായവും കൊണ്ടുവരും.
ദാരിദ്ര്യ നിരക്ക് 7.1 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറക്കുകയാണ് വിഷന്‍ 2030ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത 20 വര്‍ഷം വളര്‍ച്ചാ നിരക്ക് 7.5 ശതമാനമാക്കി നിലനിറുത്തും.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി തണ്ണീര്‍ത്തടാകങ്ങളും പശ്ചിമഘട്ടവും സംരക്ഷിക്കും. മാലിന്യങ്ങളില്‍ 60 മുതല്‍ 75 വരെ ശതമാനംറീസൈക്കിള്‍ ചെയ്ത് പുനര്‍യോഗ്യമാക്കും. ഗ്രാമീണ വീടുകളില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കും. എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ടാകും. കാര്‍ഷിക മേഖലയില്‍ രണ്ട് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
പൊതുമേഖലയും സ്വകാര്യ മേഖലയും ഉള്‍പ്പെട്ട സംയുക്ത സംരംഭമാണ് കാര്‍ഷികമേഖലയില്‍ നടപ്പാക്കുക. സ്‌പെഷ്യല്‍ അഗ്രി സോണുകള്‍, ഹൈ ടെക് പ്രിസഷന്‍ ഫാമീംഗ്. ടണല്‍ ടെക്‌നോളജി തുടങ്ങിയവയില്‍ കര്‍ഷകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. എല്ലാ കോര്‍പറേറ്റുകള്‍ക്കും ഗ്രീന്‍ ആക്ഷന്‍ പ്ലാന്‍ നിര്‍ബന്ധമാക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ മൂന്ന് സ്വതന്ത്ര സഞ്ചയങ്ങളായി വികേന്ദ്രീകരിച്ച് ഗതാഗത റഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും. എല്ലാവിധ ഗതാഗത സംവിധാനങ്ങളും ഇതുവഴിയാകും കൈകാര്യം ചെയ്യുക. മോട്ടോര്‍ വാഹന വകുപ്പിനെ ആധുനികവത്കരിക്കും. ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നവരെ ഏകോപിപ്പിക്കും. കര്‍ശനമായ ഡ്രൈവിംഗ് നിയമങ്ങള്‍ കൊണ്ടുവരും.
കൊച്ചിയെ ഗ്ലോബല്‍ സിറ്റിയാക്കും. വിദ്യാഭ്യാസ രംഗത്ത് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പാലക്കാടിനെയും ആരോഗ്യരംഗത്ത് മലപ്പുറത്തെയും ഗ്ലോബല്‍ സിറ്റികളാക്കും. എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും വിഷന്‍ 2030ല്‍ വ്യക്തമാക്കുന്നു.
മെഷിനറികളില്‍ സെയില്‍സ് ടാക്‌സ് ക്രെഡിറ്റ് സമ്പ്രദായമേര്‍പ്പെടുത്തും. മാലിന്യ നിര്‍മാര്‍ജന വ്യവസായ സംരംഭങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. എല്ലാവര്‍ക്കും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജം ലഭ്യമാക്കാന്‍ വിവിധ ഏജന്‍സികളുടെ സഹകരണം ഉറപ്പാക്കുമെന്നും വിഷന്‍ 2030 പറയുന്നു. ഡല്‍ഹി ആസ്ഥനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയ്ഡ് സയന്‍സസിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡാണ് വിഷന്‍ 2030ക്ക് രൂപം നല്‍കിയത്. കരട് നിര്‍ദേശങ്ങളില്‍ ഒരു വര്‍ഷം ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് അന്തിമഅംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിഷന്‍ 2030ലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതികളുമായും പഞ്ചവത്സര പദ്ധതികളുമായും സംയോജിപ്പിക്കുന്നതിന് വിവിധ തലങ്ങളില്‍ ഉന്നതതല സമിതിയെ നിയോഗിക്കും. ആവശ്യമായ നയരൂപവത്കരണത്തിന് സര്‍ക്കാറിനെ സഹായിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനൊപ്പം പദ്ധതിയുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് കൂടിയാണ് വിദഗ്ധ സമിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest