Connect with us

Wayanad

ബാണാസുരസാഗര്‍ അണയിലെ വെള്ളം പാഴാകുന്നു; ഷട്ടര്‍ തുറക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടം മാത്രം

Published

|

Last Updated

കല്‍പ്പറ്റ: കൃഷിക്കും വൈദ്യുതി ഉല്‍പാദനത്തിനുമായി ആരംഭിച്ച ബാണാസുര സാഗര്‍ പദ്ധതിയിലെ ജലത്തില്‍ തുള്ളിപോലും മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കൃഷിയിടത്തില്‍ എത്തിയില്ല.
അനുഭവത്തിന്റെ വെളിച്ചത്തില്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്നാലും ഈ വെള്ളം കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. അത്രത്തോളം മെല്ലെപ്പോക്കാണ് ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുടേത്. കബനി ജലത്തില്‍ കേരളത്തിന് അവകാശപ്പെട്ട വെള്ളത്തില്‍ 1.73 ടി എം സി ജലസേചന പദ്ധിക്കായി വിനിയോഗിക്കാനാണ് ബാണാസുരസാഗര്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. പ്രയോഗപഥത്തിലുള്ള പദ്ധതിയില്ലാത്ത സാഹചര്യത്തില്‍ കബനി ജലത്തിന് തമിഴ്‌നാട് അവകാശവാദം ഉന്നയിക്കുമ്പോള്‍ പോലും നടത്തിപ്പില്‍ ഗതിവേഗമില്ലെന്നതാണ് വൈരുധ്യം. അതേസമയം കാലവര്‍ഷത്തില്‍ ഡാം നിറയുമ്പോള്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം കുത്തിയൊഴുതി വെണ്ണിയോട്, പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ള കൃഷികള്‍ നശിക്കുന്നത് പുത്തരിയല്ല. ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.
കുറ്റിയാടി ജലവൈദ്യുത പദ്ധതിയുടെ ഓഗ്‌മെന്റേഷനായ ബാണാസുര സാഗര്‍ പദ്ധതി വൈദ്യുതി ഉല്‍പാദനത്തില്‍ ഉപകാരപ്പെടുന്നുണ്ട്. വടക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷിയിടത്തിലേക്ക് ജലം എത്തിക്കാനും അതുവഴി ഉലല്‍പാദനം ഇരട്ടിയാക്കാനും കഴിയുമെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് നാല് പതിറ്റാണ്ട് മുമ്പ് പ്രവൃത്തി ആരംഭിച്ചത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ കാരാപ്പുഴ ഡിവിഷന്‍ പോലെ ബാണാസുര സാഗര്‍ പദ്ധതിക്കായും പടിഞ്ഞാറത്തറ ആസ്ഥാനമായി പ്രത്യേക ഡിവിഷന്‍ രൂപീകരിച്ചിരുന്നു. കാരാപ്പുഴ പോലെ ഫണ്ട് തുടക്കം മുതല്‍ ഒഴുകാത്തതിനാല്‍ ബാണാസുരസാഗറിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും ഇവിടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. ലഭിച്ച ഫണ്ടില്‍ അടിയൊഴുക്കുകളും ധാരാളം നടന്നു. ഇപ്പോഴും ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ 20 ശതമാനം പണിപോലും നടന്നില്ല. വലിയ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടര്‍ തുറക്കുന്നത് പടിഞ്ഞാറത്തറ, വെണ്ണിയോട്, പനമരം, മാനന്തവാടി ഭാഗങ്ങളിലൊക്കെ വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും ഇടയാക്കുന്നു. കഴിഞ്ഞ വര്‍ഷം ബാണാസുരസാഗര്‍ അണയുടെ മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോഴാണ്
പനമരത്തും വെണ്ണിയോടും മാനന്തവാടിയിലും വലിയ വെള്ളപ്പൊക്കവും കൂടുതല്‍ കൃഷിനാശവും സംഭവിച്ചത്. ഇത്തവണ രണ്ട് ഷട്ടറുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. മണ്ണില്‍ പൊന്ന് വിളയിക്കാന്‍ ജില്ലയില്‍ വിഭാവനം ചെയ്ത വലുതും ചെറുതുമടക്കം ജലസേചന പദ്ധതികളില്‍ പലതും പാതിവഴിയില്‍ തന്നെയാണുള്ളത്. പ്രവൃത്തി തുടങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മിക്ക പദ്ധതികളും ലക്ഷ്യത്തോടടുത്തുപോലുമില്ല. വേനലില്‍ നൂറുകണക്കിന് ഹെക്ടര്‍ പാടം തരിശിടേണ്ട അവസ്ഥ ഇപ്പോഴും ജില്ലയില്‍ നിലനില്‍ക്കുകയാണ്. പദ്ധതികള്‍ ഓരോ വര്‍ഷവും ഖജനാവ് മുടിക്കുന്നത് മാത്രം മിച്ചം. കാരാപ്പുഴ, ബണാസുര സാഗര്‍ എന്നീ വന്‍കിട പദ്ധതികളാണ് മുഖ്യ തെളിവുകള്‍ കബനി ജലം ഉപയോഗപ്പെടുത്താന്‍ വീണ്ടും ഇത്തരം ഒന്‍പത് വലിയ പദ്ധതികള്‍ തന്നെ ആരംഭിക്കാനാണ് ഉദ്യോഗസ്ഥ-കരാര്‍ ലോബിക്ക് താല്‍പര്യം.
ചെറുകിട പദ്ധതികളുടെ അവസ്ഥയും വിഭിന്നമല്ല. ജില്ലയിലെ ആദ്യത്തെ വന്‍കിട ജലസേചന പദ്ധതിയാണ് കാരാപ്പുഴയിലേത്. കബനിയുടെ കൈവഴിയായ കാരാപ്പുഴയില്‍ അണകെട്ടി 5221 ഹെക്ടറില്‍ ജലമെത്തിക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 1978ല്‍ തുടക്കം കുറിച്ച പദ്ധതി 7.6 കോടി രൂപ മതിപ്പുചെലവില്‍ 1980ല്‍ കമ്മിഷന്‍ ചെയ്യാനായിരുന്നു തീരുമാനം. പ്രവൃത്തി തുടങ്ങി 35 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഇതിനകം 315 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. ഏറ്റവും ഒടുക്കം പുതുക്കിയ അടങ്കല്‍ പ്രകാരം 434 കോടി രൂപയാണ് മതിപ്പ് ചെലവ്. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പ്രധാന കനാലുകള്‍ക്ക് 20-30 വര്‍ഷം പഴക്കമുണ്ട്. ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കയാണ് ഈ കനാലുകള്‍ക്ക്. ഇത്രയധികം പണം ചെലവഴിച്ചിട്ടും ഇതുവരെ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ പദ്ധതി ഉതകിയില്ല. 11940 ഹെക്ടറില്‍ ജലസേചനം നടത്താന്‍ 1971ല്‍ 11.37 കോടി രൂപ മതിപ്പുചെലവില്‍ ആരംഭിച്ചതാണ് ബാണാസുരസാഗര്‍ പദ്ധതിയുടെ പ്രവൃത്തി. പിന്നീടിവിടെ ജലവൈദ്യുതി ഉത്പാദനവും ലക്ഷ്യമിട്ടു. അണയില്‍ സംഭരിക്കുന്ന 6.37 ടി എം സി ജലത്തില്‍ അഞ്ച് ടി എം സി വൈദ്യുതി ഉത്പാദനത്തിനും ബാക്കി ജലസേചനത്തിനും ഉപയോഗപ്പെടുത്താനായിരുന്നു ലക്ഷ്യം. 1.73 ടി എം സി ജലം ഉപയോഗിച്ച് 2800 ഹെക്ടറില്‍ ജലസേചനം നടത്തുന്ന പദ്ധതിക്ക് 1999ല്‍ 37.78 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇതിനകം 200 കോടിയില്‍പ്പരം രൂപ ചെലവഴിച്ചെങ്കിലും ജലം കൃഷിയിടങ്ങളില്‍ എത്തിയില്ല. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാകുന്നതിന് 300 കോടി രൂപ വേണം.

Latest