വിടവാങ്ങിയത് സാധാരണക്കാരുടെ ഉണ്ണിയേട്ടന്‍

Posted on: August 6, 2014 10:21 am | Last updated: August 6, 2014 at 10:21 am

മലപ്പുറം: സാധാരണക്കാരുടെ നേതാവായിരുന്നു വിടപറഞ്ഞ സഖാവ് വി ഉണ്ണികൃഷ്ണന്‍. അവര്‍ക്ക് പ്രിയപ്പെട്ട ഉണ്ണിയേട്ടനായിരുന്നു അദ്ദേഹം. സ്‌നേഹത്തോടെയുള്ള ആ വിളിക്ക് രാഷ്ട്രീയ-മത-പ്രായ ഭേദമില്ലായിരുന്നു. സമൂഹത്തില്‍ എളിയ നിലയില്‍ ജീവിതമാരംഭിച്ച അദ്ദേഹം സംശുദ്ധമായ പൊതു പ്രവര്‍ത്തനത്തിലൂടെ സര്‍വരുടേയും ആദരവ് നേടിയെടുത്തു. 

ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ചെറുപ്പ കാല രാഷ്ട്രീയ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച അദ്ദേഹം അവിഭക്ത കമ്മ്യുനിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് സി പി ഐ യിലും പ്രവര്‍ത്തനം കൊണ്ട് ആത്മാര്‍ഥതയുടെ പര്യായമായി മാറി. രാഷ്ട്രീയ എതിരാളികളോടുപോലും സ്‌നേഹ ബഹുമാനത്തോടെ ഇടപെട്ടിരുന്ന അദ്ദേഹം വ്യക്തി ബന്ധങ്ങളെ വല്ലാതെ വില മതിച്ചു. ജില്ലയിലെ മുഴുവന്‍ കമ്മ്യുനിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ഏറ്റവും പ്രിയപ്പെട്ട നേതാവും അദ്ദേഹമായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി എല്‍ ഡി എഫ് ജില്ലാ കണ്‍വീനറായിരുന്ന അദ്ദേഹം പ്രായത്തിന്റെയും രോഗത്തിന്റെയു വൈഷമ്യങ്ങള്‍ അവഗണിച്ച് അവസാനം വരെയും എല്‍ഡി എഫിന്റേയും പാര്‍ട്ടിയുടേയും സമരങ്ങളിലും പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.
ഇന്നലെ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് പൊതുദര്‍ശനത്തിന് വെച്ച സി പി ഐ ജില്ലാ ഓഫീസിലും അദ്ദേഹത്തിന്റെ വസതിയിലുമെത്തിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മേന്മ വെളിവാക്കുന്നതായിരുന്നു. സി പി ഐ സംസ്ഥാന കമ്മിറ്റി വേണ്ടി വി എസ് സുനില്‍കുമാര്‍ എം എല്‍ എ, ജില്ലാ കമ്മിറ്റി വേണ്ടി ജില്ലാ സെക്രട്ടറി പി പി സുനീര്‍, സി പി എം ജില്ലാ കമ്മിറ്റി വേണ്ടി ജില്ലാ സെക്രട്ടറി പി പി വാസുദേവനും ടി കെ ഹംസയും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വേണ്ടി ജില്ലാ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജനതാദള്‍ ജില്ലാ കമ്മിറ്റി വേണ്ടി അഡ്വ കെ സഫറുല്ല, ആര്‍ എസ് പി ജില്ലാ കമ്മിറ്റി വേണ്ടി പി മുഹമ്മദാലി, എന്‍ സി പി ജില്ലാ കമ്മിറ്റി വേണ്ടി പി ശിവശങ്കരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ കമ്മിറ്റി വേണ്ടി സബാഹ് പുല്‍പ്പറ്റ, ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി വേണ്ടി കെ പി ഇസ്മാഈല്‍, സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, എ ഐ ടി യു സി ക്കുവേണ്ടി ടി കെ സുന്ദരന്‍മാസ്റ്ററും പി സുബ്രഹ്മണ്യന്‍, സി ഐ ടി യു വിനുവേണ്ടി വി പി സക്കറിയയും വി ശശികുമാറും, എസ് ടി യു ജില്ലാ കമ്മിറ്റി വേണ്ടി അഡ്വ റഹ്മത്തുല്ലയും റീത്ത് സമര്‍പ്പിച്ചു.