Connect with us

National

എം എല്‍ എമാര്‍ വീട്ടില്‍ വെറുതെയിരിക്കണോ?

Published

|

Last Updated

ന്യുഡല്‍ഹി: മന്ത്രിസഭ രൂപവത്കരിക്കാന്‍ ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, ഡല്‍ഹി നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ച് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചാഴ്ചക്കകം വ്യക്തമായ നിലപാടെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന് കൂടുതല്‍ വ്യക്തത വേണമെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ആാം ആദ്മി പാര്‍ട്ടി (എ എ പി) കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
സര്‍ക്കാര്‍ രൂപവത്കരിക്കാനാകുന്നില്ലെങ്കില്‍, ന്യായമായ കാലയളവില്‍ ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എമാര്‍ വീട്ടില്‍ വെറുതെയിരിക്കണമെന്നാണോ?. രണ്ട് പാര്‍ട്ടികള്‍ക്ക് അംഗബലമില്ല. മറ്റൊരു പാര്‍ട്ടിക്ക് ഭരിക്കാന്‍ ആഗ്രഹവുമില്ല. ഇത്തരമൊരവസ്ഥ എത്രകാലം ജനങ്ങള്‍ സഹിക്കണം? – സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളയല്ല ഡല്‍ഹിയുടെ ജനങ്ങളുടെ വികാരത്തെയാണ് കോടതി മാനിക്കുന്നത്. ബഞ്ച് വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എമാര്‍ക്ക് അവര്‍ സ്വന്തം വരുമാനത്തില്‍ നിന്ന് നികുതി നല്‍കി ശമ്പളം നല്‍കുന്നത് അലസമായിരിക്കാനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ അമ്പരപ്പിച്ച്, പുതുതായി രൂപവത്കരിച്ച ആാം ആദ്മി പാര്‍ട്ടി 70 അംഗ സഭയില്‍ 28 സീറ്റ് നേടിയിരുന്നു. ബി ജെ പി 32 സീറ്റും നേടി. കോണ്‍ഗ്രസിന് എട്ട് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സോപാധിക പിന്തുണയോടെ ആാം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാള്‍ രാജി വെക്കുകയായിരുന്നു. മറ്റാരും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുന്നോട്ട് വരാതിരുന്നതോടെ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തു. അന്ന് മുതല്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എ എ പി ആവശ്യപ്പെട്ടു വരുന്നു. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഉണ്ടാക്കി മന്ത്രിസഭ രൂപവത്കരിക്കാന്‍ ബി ജെ പി ശ്രമം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് എ എ പി സുപ്രീം കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ഞായറാഴ്ച ജന്തര്‍മന്തറില്‍ എ എ പി വന്‍ റാലി സംഘടിപ്പിച്ചിരുന്നു. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നത് തടയാന്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടുന്നതിനെ തടസപ്പെടുത്തുകയാണെന്ന് റാലിയില്‍ പ്രസംഗിച്ച കെജ്‌രിവാള്‍ ആരോപിച്ചു. പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ ഒരാഴ്ച്ചക്കകം നിയമസഭ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വീടുവീടാന്തരം കയറി പ്രചാരണം നടത്തുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ എ പി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ എ പിയുടെ പ്രകടനം മോശമായിരുന്നു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി ജെ പിയാണ് നേടിയത്. എന്നാല്‍ ഈ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാകുമെന്ന് ബി ജെ പിക്ക് വലിയ പ്രതീക്ഷയില്ല.