Connect with us

National

സി സാറ്റ് സമരം തുടരുന്നു; പ്രതിഷേധമുയര്‍ത്തി പ്രദേശിക ഭാഷക്കാരും

Published

|

Last Updated

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയിലെ അഭിരുചി പരിശോധനാ പരീക്ഷയായ സി സാറ്റ് പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭം തുടരുന്നു. സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്2 (സിസാറ്റ് 2)ലെ ഇംഗ്ലീഷ് പേപ്പറിനുള്ള മാര്‍ക്ക് ഗ്രേഡും മെറിറ്റും നിശ്ചയിക്കുന്നതില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടും സമരം തുടരുകയാണ്. സിസാറ്റ് 2 പൂര്‍ണമായി ഉപേക്ഷിക്കാതെ സമരം നിര്‍ത്തുന്ന പ്രശ്‌നമില്ലെന്ന് പ്രക്ഷോഭക്കാര്‍ വ്യക്തമാക്കി.
വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ കഴിഞ്ഞ 26 ദിവസമായി തമ്പടിച്ചിരുന്ന ഉദ്യോഗാര്‍ഥികള്‍ സമരമുഖം ഇന്നലെ മുതല്‍ ജന്തര്‍മന്തറിലേക്ക് മാറ്റി. ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവും ഇന്നലെ സമരവേദിയിലെത്തി. “സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. ഇത്തരം ചില്ലറ മാറ്റങ്ങള്‍ കൊണ്ട് സര്‍ക്കാറിന്റെ വാഗ്ദാനം പൂര്‍ണമാകുന്നില്ല. സിസാറ്റ് പൂര്‍ണായി റദ്ദാക്കുകയാണ് വേണ്ടത്”- പ്രക്ഷോഭകരിലൊരാള്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷിന്റെ മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്നും 2011ല്‍ പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം ഒരു അവസരം കൂടി നല്‍കുമെന്നും ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിക്കുകയായിരുന്നു. പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷിലെ അവഗാഹം അളക്കുന്നതിനുള്ള പേപ്പര്‍ രണ്ടിന്റെ മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഈ മാസം 24ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സിവില്‍ സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയില്‍ ഇരുനൂറ് മാര്‍ക്ക് വീതമുള്ള സി സാറ്റ്- 1, സി സാറ്റ്- 2 എന്നീ പേപ്പറുകള്‍ നിര്‍ബന്ധമാക്കിയത് 2011 മുതലാണ്. ഇംഗ്ലീഷ് ഭാഷയിലെ അവഗാഹത്തിനു പുറമെ, ആശയവിനിമയ ശേഷി, യുക്തിപരമായ അനുമാനം, തീരുമാനമെടുക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമുള്ള കഴിവ്, മാനസികാപഗ്രഥന ശേഷി തുടങ്ങിയവയാണ് രണ്ടാം പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പത്താം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനമാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്. രണ്ടാം പേപ്പര്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഇഗ്ലീഷ് മീഡിയക്കാര്‍ക്കും എളുപ്പത്തില്‍ കടന്നുകൂടാനായി ഏര്‍പ്പെടുത്തിയതാണെന്നാണ് ഹിന്ദി മേഖലയില്‍ നിന്നുള്ളവരുടെ വാദം.
ഈ മാസം 24നാണ് ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ തിരഞ്ഞെടുക്കാം. ഹിന്ദി മേഖലയില്‍ നിന്നുള്ളവര്‍ക്ക് ചോദ്യപേപ്പറിന്റെ ഹിന്ദി പരിഭാഷ നല്‍കുന്ന പതിവുണ്ട്. ഈ മാതൃക പ്രാദേശിക ഭാഷകളുടെ കാര്യത്തിലും വേണമെന്ന ആവശ്യം കേരളത്തില്‍ നിന്നടക്കമുള്ള എം പിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പാര്‍ലിമെന്റ് നടപടികള്‍ സ്തംഭിച്ചു. ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ക്ക് എതിര്‍പ്പില്ല. അവര്‍ക്ക് ഈ പരീക്ഷയില്‍ നന്നായി തിളങ്ങാനാകും. അതുകൊണ്ട് തന്നെ ഹിന്ദി മേഖലയില്‍ നിന്നുള്ളവരുടെ സമ്മര്‍ദ തന്ത്രമായാണ് സമരം വിലയിരുത്തപ്പെടുന്നത്.

Latest