Connect with us

International

പ്രതിഷേധം; ഗാസയില്‍ ബോംബിടുന്ന ഗെയിം ഗൂഗിള്‍ ഒഴിവാക്കി

Published

|

Last Updated

ലണ്ടന്‍: ഇസ്‌റാഈല്‍ സൈനിക വിമാനത്തില്‍ നിന്ന് ഗാസക്ക് മേല്‍ ബോംബ് വര്‍ഷിപ്പിക്കുന്ന ഗെയിം പ്രതിഷേധത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഒഴിവാക്കി. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഉപയോഗിക്കുന്ന ഈ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്ത നിമിഷം തന്നെ ആയിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തു. പ്ലേ എഫ് ടി ഡബ്ലിയൂ എന്ന പേരില്‍ കഴിഞ്ഞ മാസം 29 ാം തീയതിയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത് അപ്‌ലോഡ് ചെയ്തത്.
ഫേസ്ബുക്കിലൂടെയാണ് ഗെയിം വന്‍പ്രചാരം നേടിയത്. ഗാസക്ക് മുകളിലൂടെ പറക്കുന്ന ഇസ്‌റാഈല്‍ വിമാനത്തില്‍ നിന്ന് താഴേക്ക് ബോംബ് വര്‍ഷിപ്പിക്കണം. താഴെ ഗാസയിലെ സാധാരണക്കാരായ ആളുകളെയും സൈനികരെയും കാണാം. സാധാരണക്കാരെ ഒഴിവാക്കി സൈന്യത്തിനു മേല്‍ ബോംബ് വീഴ്ത്തണം. ഇതാണ് ഗെയിം. ഗെയിം മനുഷ്യത്വരഹിതവും കരുണ ഇല്ലാതാക്കുന്നതാണെന്നും വേദനാജനകമാണെന്നും ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയെ നിസ്സാരവത്കരിക്കുന്നതാണെന്നും വിവിധ കോണില്‍ നിന്ന് വിമര്‍ശം ഉയര്‍ന്നു. ഫോണ്‍ വഴിയും ഓണ്‍ലൈനായും നിരവധി പ്രതിഷേധ സന്ദേശങ്ങളാണ് ഗൂഗിളിന് ലഭിച്ചത്. ഇതോടെ, ഗൂഗിളിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഗെയിം നിര്‍മിച്ചിരിക്കുന്നതെന്നും പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ വക്താവ് അറിയിക്കുകയായിരുന്നു. സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്ന ഗെയിമുകള്‍ക്ക് ഗൂഗിള്‍ ഉത്തവരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.