Connect with us

Editorial

ഉന്നതങ്ങളിലെ സംഘ് പരിവാര്‍ വിധേയത്വം

Published

|

Last Updated

പാഠപുസ്തകങ്ങളില്‍ ഹൈന്ദവ പുരാണേതിഹാസങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യത്തിന് പിന്തുണയേകാന്‍ സുപ്രീം കോടതി ജഡ്ജിയും. അഹമദാബാദില്‍ ലോ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഇന്ത്യക്കാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും ഇതിന്റെ ഭാഗമായി കുട്ടികളെ പുരാണേതിഹാസ ഗ്രന്ഥങ്ങളായ ഭവഗത്ഗീതയും രാമായണവും പഠിപ്പിക്കണമെന്നും സുപ്രീം കോടതി ജഡ്ജി ആര്‍ ദാവെ ഉദ്‌ബോധിപ്പിച്ചത്. താന്‍ ഇന്ത്യയുടെ ഏകാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഇവ പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തിന്റെ അത്യുന്നത പീഠത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. സ്വകാര്യ ജീവിതത്തില്‍, ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയോ ആദര്‍ശം ഉള്‍ക്കൊള്ളുകയോ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ, ഔദ്യോഗിക പദവിയിലിക്കുന്ന കാലത്തോളം പൊതുജീവിതത്തില്‍ എല്ലാ ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കണം. ഔദ്യോഗിക പദവികള്‍ ഒരു പ്രത്യേക മതത്തിന്റെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ഭരണഘടനയുടെ അന്തഃസത്തക്കും കടകവിരുദ്ധമാണ്. വിവിധ മതക്കാര്‍ ഒന്നിച്ചു ജീവിക്കുന്ന നാട്ടില്‍ ഒരു മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുമെന്ന് ഒരു സ്വേച്ഛാധിപതിയുടെ മട്ടില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനുള്ള പ്രചോദനമെന്തെന്ന് വ്യക്തമല്ല. ഏതായാലും താന്‍ വഹിക്കുന്ന ഉന്നത പദവിയുടെ അന്തസ്സിനും പവിത്രതക്കും ഒട്ടും നിരക്കാത്തതായിപ്പോയി ഈ പരാമര്‍ശങ്ങള്‍.
ഉന്നത ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ സംഘ് പരിവാറിന്റെ ആശയങ്ങളെ പരസ്യമായി അനുകൂലിക്കുന്ന പ്രവണത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്. സൈനിക മേഖലയുള്‍പ്പെടെ തന്ത്ര പധാന മേഖലകളിലെ ഉന്നതസ്ഥാനീയരില്‍ പലരും വിരമിക്കുന്നതോടെ നേരെ ചേക്കേറുന്നത് സംഘ് പരിവാര്‍ ക്യാമ്പുകളിലാണ്. കേന്ദ്രത്തിലെ ഭരണ മാറ്റം കൊണ്ടോ, രാഷ്ട്രീയ മേഖലകളിലെ സംഘ്പരിവാറിന്റ വളര്‍ച്ച കൊണ്ടോ ഉണ്ടായ പ്രതിഭാസമല്ല ഇത്. ആസൂത്രിതമായ പദ്ധതികളിലൂടെ നീണ്ട കാലത്തെ പ്രവര്‍ത്തന ഫലമായി സാധിച്ചെടുത്തതാണ് സംഘശക്തികള്‍ ഈ സ്വാധീനവും മസ്തിഷ്‌ക പ്രക്ഷാളനവും. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ സുദര്‍ശന്‍ റാവുവിനെപ്പോലെയുള്ള ഹിന്ദുത്വ ഭക്തര്‍ കുടിയേറിയതും ഇന്ത്യന്‍ ചരിത്രം ഹൈന്ദവ ദര്‍ശനങ്ങള്‍ക്കനുസൃതമായി പുനഃസൃഷ്ടിക്കണമെന്ന് അദ്ദേഹത്തിന്റെ പരസ്യമായ പ്രസ്താവനയും രാജ്യത്തിന്റെ ഈ അപകടകരമായ പോക്കിലേക്കുള്ള വ്യക്തമായ സൂചനയാണ്. “രാമായണവും മഹാഭാരതവും കെട്ടുകഥകളല്ല. ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളാണ്. ഒരു പറ്റം തലമുറകളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം സംഭവങ്ങളെയാണ് പുതിയ ഇന്ത്യന്‍ ചരിത്രത്തിന്റെ അടിസ്ഥാനമായി പരിഗണിക്കേണ്ടതെന്ന റാവുവിന്റെയും ജസ്റ്റിസ് എ ആര്‍ ദാവെയുടെ അഹമ്മദാബാദ് പ്രസ്താവനയും തമ്മിലുള്ള സാമ്യം കേവലം യാദൃച്ഛികമാണെന്ന് കരുതാനാകുമോ? ഉന്നത പദവികളിലിരിക്കുന്നവരില്‍ നിന്ന് നാം ഇനിയും കേള്‍ക്കേണ്ടി വന്നേക്കാം സമാന ഉത്തരവുകളും അഭിപ്രായപ്രകടനങ്ങളും.
മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ മാത്രമല്ല, ബലപ്രയോഗത്തിലൂടെയുള്ള ആശയ പ്രചാരണങ്ങള്‍ക്കും സംഘ് ശക്തികള്‍ തുടക്കം കുറിച്ചിരിക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ ഡോ. നരേന്ദ്ര ധാഭോല്‍ക്കറെയുടെ കൊലപാതകം നല്‍കുന്ന സൂചന. ജാതീയ വിവേചനങ്ങള്‍ക്കും സിദ്ധന്മാരും ദൈവാവതാരങ്ങളുമെന്ന പേരില്‍ ഹൈന്ദവ പുരോഹിതന്മാര്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിയിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു നരേന്ദ്ര ധാഭോല്‍ക്കറെ. തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സതി, ജാതീയത തുടങ്ങിയ പ്രാകൃത വിശ്വാസങ്ങളെയും ആചാരങ്ങളെയും പുനഃസ്ഥാപിക്കാന്‍ സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കെ അവ തടയുന്നതിന് ഒരു ബില്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി വരവെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സനാതന്‍ സന്‍സ്ത അടക്കമുള്ള ഹിന്ദുത്വ തീവ്രവാദികളാണ് കൊലക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. ഹൈന്ദവ മതത്തിന്റ മറവില്‍ പ്രാകൃത വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിത്. മതേതരത്വം അവകാശപ്പെടുന്ന കക്ഷികള്‍ നാല് വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇത്തരം ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ ഭയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ ധാഭോല്‍ക്കറെമാര്‍ രംഗത്തു വരിക പ്രയാസമാണ്. എ ആര്‍ ദാവെയെയും സുദര്‍ശന്‍ റാവുവിനെയും പോലെ പരസ്യമായ സംഘ്പരിവാര്‍ വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ക്കേ ഇനി ഭാവിയുള്ളൂവെന്ന ചിന്താഗതി വളര്‍ന്നു വരികയാണ് ഭരണമേഖലയുടെ എല്ലാ തലങ്ങളിലുമെന്നത് മതേതര ഇന്ത്യയുടെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.