Connect with us

Gulf

അമിതവേഗം: റാസല്‍ ഖൈമയില്‍ അഞ്ചു കാറുകള്‍ കണ്ടുകെട്ടി

Published

|

Last Updated

റാസല്‍ ഖൈമ: ഈദ് അവധി ദിനങ്ങളില്‍ അമിത വേഗവുമായി ബന്ധപ്പെട്ട് അഞ്ചു കാറുകള്‍ കണ്ടുകെട്ടിയതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു. ഖോര്‍ ഖുവൈറില്‍ അമിതവേഗത്തില്‍ വാഹനവുമായി അഭ്യാസം കാണിച്ചതുമായി ബന്ധപ്പെട്ടാണ് കാറുകള്‍ കണ്ടുകെട്ടിയത്. കാറുകള്‍ ഉപയോഗിച്ച് അത്യന്തം അപകടകരമാം വിധം അഭ്യാസം കാണിക്കുകയും അവയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാറുകള്‍ കണ്ടുകെട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. കാറുകള്‍ തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റിയായിരുന്നു അഭ്യാസ പ്രകടനം. ഇതുസംബന്ധമായി അന്വേഷണം നടത്തുകയും റെക്കാര്‍ഡ് വേഗത്തില്‍ വാഹനം കണ്ടുകെട്ടുകയുമായിരുന്നു. ചെറുപ്പക്കാരായ ജി സി സി പൗരന്മാരാണ് സംഭവത്തിന് പിന്നില്‍. ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ അയല്‍ രാജ്യത്തേക്ക് ഇവര്‍ കടന്നതായും പോലീസ് വെളിപ്പെടുത്തി.
തെറ്റും ശരിയും കൃത്യമായി അറിഞ്ഞിട്ടാണ് ഗതാഗത നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭ്യാസത്തിന് ഇറങ്ങിയത്. ഇത് മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയര്‍ത്തുന്ന കാര്യമാണ്. രജിസ്‌ട്രേഷനില്ലാതെ കാര്‍ ഓടിക്കുക, അനുവദനീയമായതിലും കട്ടിയില്‍ കാറിന്റെ ചില്ലുകളില്‍ സണ്‍ഗ്ലാസ് ഒട്ടിക്കുക, കാറിന്റെ ജാലകങ്ങളില്‍ റിഫഌന്‍ സ്റ്റിക്കര്‍ ഒട്ടിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളും ഇവര്‍ക്കെതിരായി പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. യുവാക്കള്‍ തിരിച്ചെത്തിയാല്‍ ആവശ്യമായ നിയമ നടപടി സ്വീകരിക്കാന്‍ റാസല്‍ ഖൈമ പോലീസ് കമാന്ററിംഗ് ചീഫ് മേജര്‍ ജനറല്‍ ശൈഖ് താലിബ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടിട്ടുണ്ട്. സുഖമമായ ഗതാഗതം ഉറപ്പാക്കാനും റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഏറ്റെടുക്കാനും നിയമം കര്‍ശനമായി നടപ്പാക്കാനും റാസല്‍ ഖൈമ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം അഭ്യാസങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ശൈഖ് താലിബ് ബിന്‍ സഖര്‍ വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അപകടത്തിന് ഇടയാക്കുന്ന രീതിയില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ചെയ്യുന്നവരോട് യാതൊരു ദാക്ഷിണ്യവും റാസല്‍ ഖൈമ പോലീസ് കാണിക്കില്ലന്നും ശൈഖ് താലിബ് മുന്നറിയിപ്പ് നല്‍കി.