Connect with us

Gulf

യാത്രാ പ്രശ്‌നം: പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ദുരിതത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. കോഴിക്കോട്ടേക്കുള്ള യാത്രയാണ് ഏറെ ദുരിതമയം. മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കപ്പെടുന്നു. ലഗേജുകള്‍ നഷ്ടമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണ എയര്‍ ഇന്ത്യ മണിക്കൂറുകളോളം വൈകിപ്പറന്നു. രണ്ടാഴ്ച മുമ്പ്, രാത്രി പതിനൊന്നിന് അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്ത ദിവസം ഉച്ചക്ക് ഒരു മണിക്കാണ് സര്‍വീസ് നടത്തിയത്.
അബുദാബിയുടെ സഊദി അതിര്‍ത്തി പ്രദേശങ്ങളായ, സില, ഗുവൈഫാത്ത്, റുവൈസ് എന്നീ പ്രദേശങ്ങളില്‍ നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്തും തലേ ദിവസം അബുദാബി നഗരത്തിലെത്തുന്നവര്‍ വിമാനക്കമ്പനികളുടെ നിരുത്തരവാദിത്വം മൂലം അനുഭവിക്കുന്ന ക്ലേശം ചെറുതല്ല. എയര്‍ ഇന്ത്യയുടെ നിഷ്‌ക്രിയത്വത്തിനെതിരെ അബുദാബിയിലെ വിവിധ സംഘടനകള്‍ പ്രതികരിക്കുന്നു.യൂറോപ്യന്‍ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യയുടെ നഷ്ടം പരിഹരിച്ചുകൊണ്ട് എയര്‍ ഇന്ത്യയെ താങ്ങി നിറുത്തുന്നത് ഗള്‍ഫ് സര്‍വീസുകളാണെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു. വിശിഷ്യാ മലയാളി യാത്രക്കാരാണ്. എന്നാല്‍, എയര്‍ ഇന്ത്യയുടെ ചൂഷണത്തിനും അവഗണനക്കും ഏറ്റവും കൂടുതല്‍ വിധേയരാകുന്നതും ഗള്‍ഫ് മലയാളി യാത്രക്കാരാണു എന്നതാണു ഏറെ വിരോധാഭാസം.
സമയ നിഷ്ഠ പാലിക്കാതിരിക്കുക എന്നത് ഒരു കാലത്ത് ഇന്ത്യന്‍ റയില്‍വെയുടെ മുഖമുദ്രയായിരുന്നുവെങ്കില്‍ ഇന്ന് അത് എയര്‍ ഇന്ത്യയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.
ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും കൃത്യനിഷ്ഠയുടെ കാര്യത്തിലും ബാഗേജിന്റെ കാര്യത്തിലും എന്തിനേറെ, മൃതദേഹത്തിന്റെ കാര്യത്തില്‍ പോലും എയര്‍ ഇന്ത്യ അധികൃതര്‍ ഗള്‍ഫ് മലയാളികളോട് അനുവര്‍ത്തിച്ചുപോരുന്ന അവഗണനക്കൊരു പരിഹാരമുണ്ടാകണമെങ്കില്‍ എയര്‍ ഇന്ത്യയെ നിയന്ത്രിക്കാന്‍ കഴിയുന്ന പ്രവാസി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു ഭരണ നേതൃത്വം വ്യോമയാനവകുപ്പില്‍ വന്നേ മതിയാകൂ.
അയാട്ടയുടെ പേരില്‍ പ്രവാസി സമൂഹത്തെയും കേന്ദ്ര കേരള സര്‍ക്കാരുകളെയും കണ്ണുരുട്ടിക്കാണിച്ചിരുന്ന എയര്‍ ഇന്ത്യയെ മൂക്കുകയറിടുവാന്‍ സി എം ഇബ്രാഹിം എന്നൊരു വ്യോമയാനമന്ത്രിക്കേ സാധ്യമായിട്ടുള്ളൂ. തിരുവനന്തപുരത്തേക്ക് 3,100 ദിര്‍ഹവും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും 2,980 ദിര്‍ഹവും യുഎഇ യാത്രക്കാരില്‍ നിന്നും അയാട്ടയുടെ മറപിടിച്ച് ഈടാക്കിയിരുന്ന അവസ്ഥക്ക് മാറ്റമുണ്ടായത് സി എം ഇബ്രാഹിമിന്റെ ശക്തമായ ഇടപെടല്‍ വഴിയായിരുന്നുവെന്ന് സഫറുല്ല ഓര്‍മിപ്പിച്ചു.
എന്നാല്‍, ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്ന 40 കിലോ സൗജന്യ ബാഗേജ് പരിധി 20 കിലോയാക്കി വെട്ടിക്കുറച്ചപ്പോള്‍ അബുദാബിയില്‍ നിന്നുള്ള മാധ്യമപ്രതിനിധികളും ഗവര്‍ണ്‍മെന്റ് അംഗീകൃത സംഘടനാ പ്രതിനിധികളും ചേര്‍ന്ന് കേരളത്തിലെ എംപിമാരുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ വ്യോമയാന മന്ത്രിയേയും എയര്‍ ഇന്ത്യ അധികൃതരേയും ഡല്‍ഹിയില്‍ നേരില്‍ ചെന്ന് കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടും പുന:പ്പരിശോധിക്കാം എന്നൊരു ഒഴുക്കന്‍ മറുപടി ലഭിച്ചതല്ലാതെ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇന്നുവരെ ഈ നിലപാടിനു മാറ്റമുണ്ടായിട്ടില്ല, പുന:പ്പരിശോധന കഴിഞ്ഞിട്ടില്ല.
ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് എയര്‍ ഇന്ത്യയെ വിവരമറിയിക്കണമെന്ന എയര്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണ്. മൃതദേഹത്തിന്റെ പാസ്പാര്‍ട്ട്, വിസ സംബന്ധമായ കാര്യങ്ങള്‍ പരിഹരിച്ചു വരുമ്പോഴേക്കും ദിവസങ്ങള്‍ വേണ്ടിവരുമെന്നിരിക്കെ, അതും കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരിക എന്നത് മൃതദേഹത്തെ പോലും വെറുതെ വിടില്ല എന്നത് തന്നെയാണു സൂചിപ്പിക്കുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest