Connect with us

Kerala

പൂക്കള്‍ പെയിന്റ് നിര്‍മാണത്തിന്; ഓണത്തിന് മലയാളി മുറ്റത്തെത്തില്ല

Published

|

Last Updated

ഗുണ്ടല്‍പേട്ട : മലയാളിയുടെ മുറ്റങ്ങളില്‍ ഓണപ്പൂക്കളമൊരുക്കാന്‍ ഇത്തവണ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്ന് പൂക്കളെത്തില്ല.  ഇവിടത്തെ പൂ പാടങ്ങളെല്ലാം പെയിന്റ് കമ്പനികളുടെ കൈയിലാണിപ്പോള്‍ എന്നത് തന്നെ കാരണം. തമിഴ്‌നാട് സത്യമംഗലത്തെ എ വി ടി എന്ന കമ്പനിയാണ് ഗുണ്ടല്‍പേട്ടയിലെ പൂക്കളെല്ലാം വിലക്ക് വാങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയാണ് ആയിരം ഏക്കറിലധികം വരുന്ന വയലുകളില്‍ ഇപ്പോള്‍ പൂക്കള്‍ വിരിയിച്ചെടുക്കുന്നത്.
ചെണ്ടുമല്ലി പൂക്കളാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. പെയിന്റിന് പ്രകൃതിദത്ത നിറം നല്‍കാനായി കമ്പനികള്‍ പൂക്കള്‍ മൊത്തമായി വാങ്ങാന്‍ തുടങ്ങിയതോടെ മലയാളിക്ക് ഇത്തവണ വേണ്ടത്ര പൂ ലഭിക്കില്ല. വിത്തും വളവും കീടനാശിനിയുമൊക്കെ കര്‍ഷകര്‍ക്ക് നല്‍കി കമ്പനികള്‍ വയലുകള്‍ പാട്ടത്തിനെടുത്താണ് പൂ വിരിയിച്ചെടുക്കുന്നത്. എന്നാല്‍, പ്രദേശത്തെ സാധാരണക്കാരായ കര്‍ഷകരെ ചൂഷണം ചെയ്താണ് പെയിന്റ് കമ്പനികള്‍ വന്‍ലാഭം നേടുന്നതെന്നത് വ്യക്തമാണ്. ഒരു കിലോഗ്രാമിന് 100 രൂപയിലധികം നല്‍കി മലയാളി വാങ്ങുന്ന ചെണ്ടുമല്ലിക്ക് കമ്പനികള്‍ നല്‍കുന്നത് വെറും അഞ്ചുരൂപ മാത്രം.
ഗുണ്ടല്‍പേട്ടയിലെ ഭൂരിഭാഗം കര്‍ഷകരും ഈ ചതിയുടെ ഇരകളാണ്. 100 ഗ്രാം വിത്തിന് 2500 രൂപയാണ് കമ്പനി ഈടാക്കുന്നത്. ഒറ്റവിളയായതിനാല്‍ അടുത്ത വര്‍ഷവും വിത്ത് കമ്പനിയില്‍നിന്നു തന്നെ വാങ്ങേണ്ടി വരും. വിത്തു മുളച്ച് 20 ദിവസം കഴിഞ്ഞാണ് തൈ പറിച്ചു നടുക. മൂന്ന്, നാല് മാസമാവുമ്പോള്‍ ചെണ്ടുമല്ലി പറിക്കാനാവും. സാധാരണ ഒരു മാസമാണ് പൂ പറിക്കാന്‍ പറ്റുക. ഓണക്കാലമായാല്‍ ബാക്കി വരുന്ന പൂക്കള്‍ വില്‍ക്കാന്‍ കമ്പനി അധികൃതര്‍ അനുവദിക്കാറുണ്ട്. അതാണ് കര്‍ഷകരുടെ ഏക ആശ്വാസം.
കേരളത്തില്‍ നിന്ന് പൂക്കള്‍ വാങ്ങാനെത്തുന്ന ഏജന്റുമാരില്‍ നിന്ന് കിലോക്ക് 30 രൂപ മുതല്‍ കര്‍ഷകര്‍ വാങ്ങും. പക്ഷെ ഇതില്‍ 10 രൂപ കമ്പനിക്ക് നല്‍കുകയും വേണമെന്ന് കര്‍ഷകര്‍ പറയുന്നു. സെപ്തംബറില്‍ മലയാളിയുടെ ഓണമെത്തുമ്പോഴേക്കും പല പാടങ്ങളിലേയും സീസണ്‍ അവസാനിക്കുമെന്നതിനാല്‍ മലയാളികള്‍ക്ക് ആവശ്യത്തിന് പൂക്കള്‍ ലഭിക്കില്ല. ഉള്ളവക്ക് തന്നെ വലിയ വിലയും നല്‍കേണ്ടി വരും. 60 കിലോ വരുന്ന ചാക്കുകളിലാക്കിയാണ് പെയിന്റ് കമ്പനികളിലേക്ക് ചുവന്ന ചെണ്ടുമല്ലിപ്പൂക്കള്‍ കയറ്റിപ്പോകുന്നത്. 15 ലോറി ലോഡ് വരെ ഗുണ്ടല്‍പേട്ടയില്‍ നിന്നും ദിവസേന കയറ്റിപ്പോകുന്നുണ്ടെങ്കിലും കര്‍ഷകന്റെ വിയര്‍പ്പിനു മാത്രം ഇവിടെ വിലയില്ല.
പുരുഷന് 300 ഉം സ്ത്രീകള്‍ക്ക് 150 ഉം രൂപയാണ് കൂലി. രണ്ട് പുരുഷ തൊഴിലാളികളും ബാക്കിയെല്ലാം സ്ത്രീകളുമായിരിക്കും. കൂലി കുറവായതിനാല്‍ സീസണ്‍ കഴിഞ്ഞാല്‍ റോഡ് പണിക്കായി ഇവരെല്ലാം കൂട്ടത്തോടെ കേരളത്തിലെത്തും. കര്‍ണാടകയിലേതിനേക്കാള്‍ കൂടുതല്‍ കൂലി ലഭിക്കുമെന്നതിനാല്‍ ഇവിടെ തൊഴിലെടുക്കാനാണ് കൂടുതല്‍ താത്പര്യമെന്ന് അന്‍പത്തിയഞ്ചുകാരനായ ഗോപാല പറയുന്നു. അതിനായി മഴക്കാലം കഴിയാന്‍ കാത്തിരിക്കുകയാണിവര്‍.

Latest