Connect with us

Gulf

2030ല്‍ ദുബൈയിലെ തെരുവുകളുടെ എണ്ണം 7,500 ആവും

Published

|

Last Updated

ദുബൈ: വികസന രംഗത്ത് കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന ദുബൈയില്‍ 2030 ആവുമ്പോഴേക്കും 7,500 തെരുവുകളും 250 മേഖലകളും 12 ജില്ലകളും ഉണ്ടാവുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. നിലവിലുള്ള പല തെരുവുകളുടെയും പേരുകള്‍ മാറിയേക്കും. പുതിയവ കൂട്ടിച്ചേര്‍ക്കപ്പെടും. ആര്‍ ടി എ ലക്ഷ്യമിടുന്ന വന്‍തോതിലുള്ള മേല്‍വിലാസ മറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രാവര്‍ത്തികമാവുന്നതോടെയാണ് ഇതെല്ലാം സംഭവിക്കുക. ഒരിക്കല്‍ സന്ദര്‍ശനം നടത്തി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തന്നെ ദുബൈയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സന്ദര്‍ശിച്ചു മടങ്ങിയവര്‍ക്കു നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം വീണ്ടും എത്തിയാലും വഴികളിലും മറ്റും സംശയിച്ചു നില്‍ക്കേണ്ട സ്ഥിതിയാണ്. അത്രയും ത്വരിതഗതിയിലാണ് ദുബൈയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. റോഡുകളും മറ്റും അടിക്കടി വരുന്നതും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതും കണക്കിലെടുത്താണ് ഏകീകൃത രീതിയിലുള്ള മേല്‍വിലാസ സംവിധാനം നഗരത്തില്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ലക്ഷ്യമിടുന്ന സ്ഥലത്ത് വഴി തെറ്റാതെ കൃത്യമായി എത്തിച്ചേരാന്‍ സാധിക്കും.

മൊത്തത്തില്‍ 7,500 തെരുവുകളാണ് പുതിയ പേരുകള്‍ സ്വീകരിക്കുക. ഇവയില്‍ 500 ഓളം തെരുവുകള്‍ക്ക് പുതിയ നാമം നല്‍കിക്കഴിഞ്ഞുവെന്ന് ആര്‍ ടി എയുടെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ മൈത്ത ബിന്‍ത് അദായി വെളിപ്പെടുത്തി. തെരുവുകള്‍ക്ക് പേരുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഉള്‍ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒരേ മേഖലയിലെ തെരുവുകള്‍ക്ക് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങിനെയുള്ള തുടര്‍ച്ചയായ നമ്പറുകളായിരിക്കും നല്‍കുക. ഇത് തെരുവ് കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ പൂര്‍ണമായും വികാസം പ്രാപിച്ച 250 മേഖലകളാവും ഉണ്ടാവുക. ഇവയെ ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രത്യേകം അടയാളപ്പെടുത്തും. അതിരിലുള്ള മുഖ്യ റോഡുകളെ അടിസ്ഥാനമാക്കിയാവും ഈ പ്രവര്‍ത്തി.
ഓരോ മേഖലയുടെയും പ്രത്യേകതയുള്ള ചിത്രങ്ങളും ചിഹ്നങ്ങളും സ്ട്രീറ്റ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ജുമൈറ ഭാഗത്തുള്ള തെരുവുകളുടെ ബോര്‍ഡാണെങ്കില്‍ ബോട്ട്, മീന്‍ തുടങ്ങിയവയുടെ ചിത്രങ്ങളാവും ബോര്‍ഡില്‍ ആലേഖനം ചെയ്യുക. ഇതുവരെയും കടലിന്റെയും ഇരിപ്പിടത്തിന്റെയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഈ മേഖലയിലെ ബോര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ദേരയിലെയും ബര്‍ദുബൈയിലെയും തെരുവുകള്‍ക്ക് പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് നാമങ്ങള്‍ നല്‍കും. മുശ് രിഫ്, അവീര്‍ മേഖലയിലെ തെരുവുകള്‍ക്ക് തദ്ദേശീയമായ മരങ്ങളുടെ പേരുകള്‍ ചേര്‍ത്താവും നാമകരണം ചെയ്യുക. പ്രമുഖരായ അറബ് വ്യക്തികളുടെയും കവികളുടെയും പേരുകളും ഈ മേഖലയിലെ തെരുവുകള്‍ക്ക് നല്‍കും.
നിലവിലെ മേഖലകള്‍ക്ക് ഒപ്പം പുതിയവയെക്കൂടി ഇതുമായി കൂട്ടിച്ചേര്‍ക്കും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വികസനത്തിനൊപ്പം അല്‍ ഖൈല്‍ റോഡ് വികസിപ്പിക്കല്‍, ഇവിടുത്തെ സമാന്തര റോഡുകളുടെ വികസന പ്രക്രിയകള്‍ എന്നിവയാണ് നഗരത്തില്‍ ആര്‍ ടി എയുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖ്യ പദ്ധതികളെന്ന് അവര്‍ വെളിപ്പെടുത്തി. ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. റോഡ് വികസന പദ്ധതികളുടെ ഭാഗം കൂടിയായാണ് എമിറേറ്റ്‌സ് റോഡിന്റെ പേര് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡെന്ന് പുനര്‍നാമകരണം ചെയ്തത്. മുമ്പ് ദുബൈ ബൈപ്പാസ് റോഡ് എന്ന് അറിയപ്പെട്ടിരുന്നതാണ് എമിറേറ്റ്‌സ് റോഡായി മാറിയത്. അബ്ദുല്ല ഒംറാന്‍ തരിയാം സ്ട്രീറ്റ് അല്‍ തുറായ സ്ട്രീറ്റെന്നു പേര് മാറ്റി. അല്‍ സആദ സ്ട്രീറ്റിന്റെ പേര് ഫസ്റ്റ് അല്‍ ഗൈല്‍ സ്ട്രീറ്റെന്നാക്കിയതും അവര്‍ ചൂണ്ടിക്കാട്ടി.