നവീകരണം കഴിഞ്ഞിട്ടും കോഴ്‌സുകളില്ല ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജിനെ സര്‍ക്കാര്‍ തഴയുന്നു

Posted on: August 4, 2014 12:28 pm | Last updated: August 4, 2014 at 12:28 pm

കോഴിക്കോട്: ഇതുവരെ കെട്ടിട പരിമിതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ തടസവുമെല്ലാമായിരുന്നു ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിന് തടസം. കാലങ്ങളോളമായുള്ള കാത്തിരിപ്പിനു ശേഷം മുറവിളികള്‍ക്കൊടുവില്‍ ഫണ്ട് ലഭിച്ചു, നവീകരണവും പൂര്‍ത്തിയാക്കി.
കായിക മേഖലയിലെ ഏതു കോഴ്‌സുകള്‍ അനുവദിച്ചാലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ഇതു കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴും കാത്തിരിപ്പ് തുടരുന്നു, പുതിയ കോഴ്‌സ് ലഭിക്കാനായി. ഇതിനായി നിരവധി തവണ വിദ്യാഭ്യാസ വകുപ്പിനെയും ബന്ധപ്പെട്ട മറ്റ് അധികൃതരെയും കണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് തിരുവനന്തപുരം വരെ ഓടിയിരുന്നു. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവകാശം ഉറപ്പിക്കുക എന്നതായിരുന്നു ഈ ഓട്ടത്തിനു പിന്നിലെ ലക്ഷ്യം.
കോഴിക്കോട് ഈസ്റ്റ് ഹിലില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഏക ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജില്‍ ആവശ്യത്തിന് കോഴ്‌സുകളും അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമുണ്ടാക്കണമെന്ന വര്‍ഷങ്ങളായ ഇവരുടെ ആവശ്യത്തിന് പരിഹാരമില്ലാതായപ്പോഴായിരുന്നു കോഴിക്കോട് നിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ ഈ കുട്ടികള്‍ ഓടിയത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളറിയാനും പരിഹരിക്കാനുമായി ലക്ഷങ്ങള്‍ ചെലവിട്ട് ജനസമ്പര്‍ക്കപരിപാടി നടത്തിയ മുഖ്യമന്ത്രിയുടെ മുമ്പിലേക്ക് വിദ്യാര്‍ഥികള്‍ നേരിട്ടെത്തിയിട്ടും മുഖ്യനോ കായികവകുപ്പോ അതിന്റെ മന്ത്രിയോപോലും ഇളകിയില്ല.
കോഴിക്കോട് മുതല്‍ തെക്കോട്ടുള്ള മുഴുവന്‍ കായിക പ്രേമികളുടേയും അധ്യാപക- വിദ്യാര്‍ഥി സമൂഹത്തിന്റേയും അനുഗ്രഹാശിസ്സുകളോടെ അവരുടെ ഓട്ടം കഴിഞ്ഞിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജിലെത്തിയാല്‍ പഴയ ആ അവസ്ഥയില്‍ നിന്ന് ഒരു മാറ്റവും അവിടെ ഉണ്ടായിട്ടില്ല. ലഭിച്ച ഫണ്ടുപയോഗിച്ച് കുറച്ച് ക്ലാസ്മുറികളും ഹോസ്റ്റല്‍ നവീകരണവും നടത്തുന്നുണ്ട്. പക്ഷെ അത് പൂര്‍ത്തിയായാലും അവിടേക്ക് പഠിക്കാനുള്ള കുട്ടികള്‍ക്കായുള്ള കോഴ്‌സുകള്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഇവിടുത്തെ അധ്യാപകര്‍ക്കോ കുട്ടികള്‍ക്കോ യാതൊരു നിശ്ചയവുമില്ല. നിലവില്‍ എസ് എസ് എല്‍സി കഴിഞ്ഞശേഷം ചേരുന്ന ടി ടി സിക്ക് തുല്യമായ സര്‍ട്ടിഫിക്കെറ്റ് കോഴ്‌സ് ഇന്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ (സി പി എഡ്), ഡിഗ്രി കഴിഞ്ഞാല്‍ ചേരുന്ന ബാച്ചിലര്‍ ഒഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സ് (ബി പി എഡ്) എന്നിവയാണ് ഇവിടെയുള്ളത്.
തുടക്കത്തില്‍ ആറ് മാസമുള്ള സി പി എഡ് മാത്രമായിരുന്നു. പിന്നീട് അത് ഒരു വര്‍ഷവും തുടര്‍ന്ന് രണ്ട് വര്‍ഷവുമാക്കുകയായിരുന്നു. 2007ലാണ് നിരന്തര ആവശ്യത്തിനെത്തുടര്‍ന്ന് ബി പി എഡ് അനുവദിച്ചത്. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. സി പി എഡ് കഴിഞ്ഞാല്‍ തുടര്‍പഠനത്തിനുള്ള ബി പി ഇ കോഴ്‌സും ബി പി എഡ് കഴിഞ്ഞാല്‍ തുടര്‍പഠനത്തിനുള്ള എം പി എഡ് കോഴ്‌സും എത്രയും വേഗം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരം കോഴ്‌സുകള്‍ക്കായി വന്‍തുക കോഴവാങ്ങുന്ന സ്വകാര്യ കോളജുകളിലേക്കാണ് ഇവിടുന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പോകേണ്ടിവരുന്നുത്. പലപ്പോഴും ഫീസ് സാമ്പത്തികമായി താങ്ങാന്‍ കഴിയാത്തതിനാല്‍ പലരും പാതിയില്‍ പഠനം നിര്‍ത്തുകയാണ്. ഇതിന് അറുതി വരുത്താനാണ് സര്‍ക്കാര്‍ മേഖലയിലുള്ള ഏക കോളജാണിത്.
ബി പി ഇ കോഴ്‌സിനാവശ്യമായ കെട്ടിടം ഒരു കോടിയോളം രൂപ ചെലവില്‍ ഇവിടെ പൂര്‍ത്തിയായി വരുന്നുണ്ട്. കെട്ടിടവും അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യവുമുണ്ടായിട്ടും കോഴ്‌സുമാത്രം അനുവദിക്കാത്തത് വലിയതോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
സി പി എഡ് കോഴ്‌സുകളിലായി 140 കുട്ടികളും ബി പി എഡ് കോഴ്‌സില്‍ 40 കുട്ടികളുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെ താമസിച്ച് പഠിക്കുന്നത്. സംസ്ഥാനത്തെ നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള കായികാധ്യാപകരാണ് സംസ്ഥാനത്തെ ഏക കോളജായിട്ടും ഇവിടെ ദുരിതമനുഭവിക്കുന്നത്. കോഴ്‌സുകളുടെ കാര്യം പോലെ തന്നെ അധ്യാപകരുടെ കാര്യത്തിലും അവസ്ഥ പരിതാപകരം. 13 സ്ഥിരം അധ്യാപകര്‍ വേണ്ടിടത്തിപ്പോള്‍ അഞ്ച് സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. ഏറ്റവും മികച്ച ലൈബ്രറിയുണ്ടായിട്ടും ഒരു ലൈബ്രേറിയന്‍ പോലുമില്ല. അധ്യാപകരുടെ കുറവു കാരണം സംസ്ഥാനത്ത് അംഗീകാരമുള്ള എല്ലാ കായിക ഇനങ്ങളും പഠിപ്പിക്കുന്നുണ്ടെങ്കിലും ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ്, കബഡി തുടങ്ങിയവക്കൊന്നും അതാത് മേഖലകളില്‍ കഴിവ് തെളിയിച്ച അധ്യാപകരില്ലെന്നതും കോളജിന്റെ ദുരവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓടിയത്. ആറ് മാസം പിന്നിട്ടിട്ടും സ്വപ്‌നങ്ങള്‍ ഇന്നും സ്വപ്‌നമായി ത്തന്നെ അവശേഷിക്കുകയാണ്.