ഭൂപടത്തില്‍ നിന്ന് ഫലസ്തീന്‍ മാഞ്ഞുപോകുമോ?

Posted on: August 4, 2014 12:10 pm | Last updated: August 4, 2014 at 12:10 pm

PHALESTINEആരും അനുസരിക്കേണ്ടതില്ലാത്ത ലോകത്തിലെ ഒരേ ഒരു ഭരണാധികാരി ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറിയാണ്. ആര്‍ക്കും ലംഘിക്കാവുന്ന ഉത്തരവുകള്‍ പ്രമേയങ്ങളായി പുറത്തിറക്കുന്ന ഭരണകൂടം ഐക്യരാഷ്ട്ര സഭയുമാണ്. ലീഗ് ഓഫ് നേഷന്‍സ് എന്ന ലോക ഭരണകൂടത്തിന്റെ മരണശേഷം 1945ല്‍ രൂപവത്കൃതമായ സാര്‍വദേശീയ ഭരണ സംവിധാനമാണ് യു എന്‍. അമേരിക്ക എവിടെ നില്‍ക്കുന്നുവോ അവിടെ നിന്നുകൊള്ളുക എന്നതാണ് ഈ സംവിധാനത്തിന്റെമുഖ്യ ജോലി. അമേരിക്കന്‍ അന്താരാഷ്ട്ര വകുപ്പായി ഈ സ്ഥാപനം അധഃപതിച്ചിട്ട് അനേക വര്‍ഷങ്ങളായി. ജനറല്‍ ഊതാണ്ട്, കോഫി അന്നന്‍ തുടങ്ങി ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണ്‍ വരെയുള്ളവര്‍ സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത ദാസന്മാതരാണ്. വീറ്റോ അധികാരമുള്ള വന്‍ശകക്തികളില്‍ പെട്ട ചൈനയും സോവിയറ്റ് യൂനിയനുമൊക്കെ വല്ലപ്പോഴും ആ അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിലും സാമ്രാജ്യത്വശക്തികള്‍ക്ക് തടയിടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അധിനിവേശ യുദ്ധങ്ങളുടെ കാര്യത്തില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ഒബാമയുടെ അമേരിക്ക സ്വല്‍പ്പം പിറകിലാണെന്നത് മാത്രമാണ് ഏക ആശ്വാസം.
ഫലസ്തീന്‍ പ്രശ്‌നത്തിലും ഗാസ യുദ്ധത്തിലും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ആപത്കരമായ മൗനവും അറബ് ലോകത്തിന്റെ നിസ്സംഗതയും ഐക്യരാഷ്ട്രസഭയെന്ന നപുംസകത്തിന്റെ അമേരിക്കന്‍ വിധേയത്വവും ചേരുമ്പോള്‍ ഗാസയിലെ നിരപരാധികളെ മറവ് ചെയ്യാന്‍ ഇനിയും കുഴികള്‍ വേണ്ടിവരും. ഗാസയുടെ മണ്ണില്‍ നിന്ന് 18 ലക്ഷത്തോളം വരുന്ന ഒരു ജനവിഭാഗത്തിന്റെ ഭൂരിഭാഗവും തുരത്തിയോടിക്കപ്പെട്ടേക്കാം.
ഇസ്‌റാഈല്‍ കോളനികള്‍ സ്ഥാപിച്ച് ജൂതരെ അവിടെയും കുടിയിരുത്താനാണ് സാധ്യത. നീണ്ട യുദ്ധത്തിന് തയ്യാറായിട്ടാണ് നെതന്യാഹു രംഗത്തുവന്നിട്ടുള്ളത്. മുന്നൂറിലധികം അണുബോംബുകളും ആധുനിക യുദ്ധവിമാനങ്ങളും രാസജൈവ ആയുധങ്ങളും കൈവശം വെക്കുന്ന ഇസ്‌റാഈല്‍ സര്‍ക്കാറിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സര്‍വ പിന്തുണയുമുണ്ട്. യുദ്ധം നിര്‍ത്തണമെന്നും സമാധാനം സ്ഥാപിക്കണമെന്നും നിരപരാധികളെ കൊല്ലരുതെന്നുമുള്ള ആഹ്വാനങ്ങള്‍ യുദ്ധത്തോടൊപ്പം പുറത്തുവന്നുകൊണ്ടേയിരിക്കും. അതിന്റെയൊക്കെ അര്‍ഥവും ഉദ്ദേശ്യവും ഇസ്‌റാഈലുകാര്‍ക്ക് നന്നായിട്ടറിയാം. ഗാസ ഭരിക്കുന്നത് ഹമാസ് ആണ്. തിരഞ്ഞെടുപ്പിലൂടെയാണവര്‍ അധികാരത്തിലെത്തിയത്. ഇസ്‌റാഈലിനോട് കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്ന തീവ്രവാദ പ്രസ്ഥാനമാണ് ഹമാസ് എന്നാണ് അമേരിക്കയും ഇസ്‌റാഈലുമൊക്കെ ആരോപിക്കുന്നത്. മേഘ പാളികളില്‍ നിന്ന് തീ ബോംബുകള്‍ വര്‍ഷിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ രാഷ്ട്രത്തെ മിതവാദികളുടെയും മര്യാദക്കാരുടെയും പട്ടികയിലാണ് ലോകം എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഇപ്പോഴത്തെ യുദ്ധം മാത്രമല്ല എത്രയോ വര്‍ഷളങ്ങളായി എണ്ണമറ്റ ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളതും ഇസ്‌റാഈലാണ്. വന്‍ ആയുധശേഖരമുള്ള ആ രാജ്യത്ത് കടന്നൊരു ആയുധപരിശോധന നടത്താന്‍ അമേരിക്കക്കും ഐക്യരാഷ്ട്രസഭക്കും ആകില്ല. ഒന്നും കൈയിലില്ലാതിരുന്നിട്ടും ഭീകരനായി ചിത്രീകരിച്ച് സദ്ദാമിനെ തൂക്കിക്കൊന്നവരുടെ നീതിശാസ്ത്രം അതാണ്. മുഹമ്മദ് അല്‍ ബറാദിയും സംഘവും സദ്ദാമിന്റെ അടിവസ്ത്രം വരെ ആയുധം കണ്ടെത്താന്‍ പരിശോധിച്ചിട്ടുള്ളതാണ്. എണ്ണയാല്‍ സമൃദ്ധമായ ഇറാഖിനെ കടന്നാക്രമിച്ച് കൈവശപ്പെടുത്തി. നാട്ടുകാരനായ ഭരണാധികാരിയെയും സഹായികളെയും അരും കൊല ചെയ്ത് പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന അമേരിക്കയും തനി ‘മിതവാദി’ തന്നെ. ചിലിയില്‍ ജനം തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്ന അലന്‍ ഡെയെയും കുടുംബത്തെയും കൊന്നൊടുക്കി പിനോഷെ എന്ന അമേരിക്കന്‍ പാവയെ അധികാരത്തിലെത്തിച്ചതും സി ഐ എയും അമേരിക്കന്‍ യജമാനന്മാരുമായിരുന്നു. ബംഗ്ലാദേശില്‍ ജനകീയ ഭരണകൂടത്തിന്റെ സ്ഥാപകനായ ശൈയിഖ് മുജീബ് റഹ്മാനെയും കുടുംബത്തെയും കൊന്നൊടുക്കി പട്ടാളഭരണം സ്ഥാപിച്ചതും ഇതേ കൂട്ടരാണ്.
കോംഗോയില്‍ പാട്രീസ് ലുമുംബയെന്ന ജനപ്രിയനായ ഭരണാധികാരിയെ വിഷം കൊടുത്ത് കൊന്ന് ഭരണം അട്ടിമറിച്ചതാരാണെന്ന് ലോകത്തിനറിയാം. ഗ്വാട്ടിമാലയില്‍ ജേക്കബ് അര്‍ബ്ബന്‍സിതനും ഇതേ ഗതി വരുത്തിവെച്ചതിവരായിരുന്നു. ഇറാനില്‍ മുഹമ്മദ് മൊസേദേക്കിനെ കൊന്ന് പാവ സര്‍ക്കാറിനെ വാഴിച്ചതും സി ഐ എ ചാരന്മാരും അമേരിക്കയുമായിരുന്നു. സദ്ദാമിന് മുമ്പ് അമേരിക്കന്‍ സാമ്രാജ്യത്വം ആക്രമിച്ച് കീഴ്‌പ്പെടുത്തിയ രാഷ്ട്രങ്ങള്‍ അനവധിയാണ്. നടത്തിയ യുദ്ധങ്ങളും കുരുതികളും ഏറെയാണ്. ഇന്നും അതേ വഴി അവര്‍ പിന്തുടരുന്നു. സാമ്പത്തികവളര്‍ച്ചയും ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസവും വിദ്യാഭ്യാസ മേഖലയിലെ കുതിച്ചുചാട്ടവും അക്രമോത്സുകമായ സാമ്രാജ്യത്വ നടപടികള്‍ക്ക് ആക്കം കൂട്ടുന്നു.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനവും മുന്നാം ലോകരാജ്യങ്ങളുടെ നിഷ്‌ക്രമണവും ഏകധ്രുവ ലോകത്തിന്റെ പിറവിയും ആഗോളവത്കരണവും നവ കോളനിവത്കരണ പ്രക്രിയയും ത്വരിതഗതിയിലാക്കി. അമേരിക്കയും ഇസ്‌റാഈല്‍ പോലുള്ള അവരുടെ സാമന്ത രാഷ്ട്രങ്ങളും തീരുമാനിക്കുന്നതെന്തും കൈയും കെട്ടി നോക്കിനില്‍ക്കാകന്‍ മാത്രമേ ഇതര രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നുള്ളൂ. സമ്പദ്‌സമൃദ്ധിയാല്‍ അനുഗൃഹീതമായ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും അറബ് ലോകത്തിനും മാത്രമല്ല ഏഷ്യയിലേയും യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും രാഷ്ട്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഇസ്‌റാഈലിന്റെ ഗാസാ ആക്രമണത്തെയും ഈ സാര്‍വദേശീയ പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പശ്ചിമേഷ്യ ഉള്‍പ്പെടെ ഭൂഗോളത്തിന്റെ തന്ത്രപ്രധാനമായ പല മേഖലകളിലും സംഘര്‍ഷം കെട്ടടങ്ങാന്‍ അനുവദിക്കാത്തതിന്റെ രഹസ്യം സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഈ അവസ്ഥ ആവശ്യമാണെന്നത് തന്നെയാണ്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം സമാധാനമാണ് ലോകത്ത് നിലനില്‍ക്കുന്നതെന്ന ധാരണ ശരിയല്ല. അയ്യായിരം വര്‍ഷക്കാലത്തെ അറിയപ്പെടുന്ന ചരിത്രത്തില്‍ സുമാര്‍ മുവായിരം യുദ്ധങ്ങളെങ്കിലും ലോകത്ത് നടന്നതായി കരുതണം. ഇതിലേറെ ആക്രമണങ്ങള്‍ നടത്താന്‍ നമുക്ക് സമയമുണ്ടായിരുന്നില്ല.
1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോക മഹായുദ്ധത്തില്‍ 30 രാഷ്ട്രങ്ങള്‍ നേരിട്ട് പങ്കെടുക്കുകയും 83 ലക്ഷം പട്ടാളക്കാരുള്‍പ്പെടെ മൂന്ന് കോടി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. 1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോക മഹായുദ്ധത്തില്‍ 60 രാഷ്ട്രങ്ങള്‍ നേരിട്ട് പങ്കെടുക്കുകയും ആറ് കോടി ആളുകളെ യുദ്ധം കൊന്നൊടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലയളവില്‍ ചെറുതും വലുതുമായ എത്രയോ യുദ്ധങ്ങള്‍ നടന്നു. ഫലസ്തീന്‍ ഐക്യ രാഷ്ട്രസഭയില്‍ അംഗത്വമുള്ള ഒരു രാഷ്ട്രമാണ്. സ്വന്തമായ പതാകയും ദേശീയ ഗാനവും സംസ്‌കാരവും അസ്തിത്വവും അവര്‍ക്കുണ്ട്. വെസ്റ്റ് ബാങ്കിലും ഗാസയിലുമായി താമസിക്കുന്ന ഫലസ്തീനികളെ ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിച്ച് ജൂതരാഷ്ട്രമായ ഇസ്‌റാഈലിനോട് ആ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവിടങ്ങളില്‍ ജൂത സെറ്റില്‍മെന്റുകള്‍ നിരന്തരം അവര്‍ സ്ഥാപിച്ചു വരികയാണ്. 1948 മെയ് 14നാണ് ടെല്‍അവീവില്‍ വെച്ച് ഇസ്‌റാഈല്‍ എന്ന രാഷ്ട്രം രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്. പഴയ ഫലസ്തീന്‍ വെട്ടിമുറിച്ചാണ് അത് സാധിച്ചത്. അമേരിക്കയും ബ്രിട്ടനും സോവിയറ്റ് യൂനിയനും ഇക്കാര്യത്തില്‍ ഒരുമിച്ചു നിന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടന്ന ജൂതരെ ഈ പുതിയ രാഷ്ട്രത്തിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിക്കാന്‍ അന്ന് തുടങ്ങിയതാണ്. അതിനാവശ്യമായ ഭൂപ്രദേശം ഫലസ്തീനിനെ ആക്രമിച്ച് പിടിച്ചെടുക്കുകയാണ് പതിവ്. അതാണിപ്പോഴും ഗാസാ ആക്രമണത്തിന് പിന്നിലുള്ളത്. വര്‍ഷങ്ങള്‍ കുറച്ചുകൂടി കഴിഞ്ഞാല്‍ ഫലസ്തീന്‍ എന്ന രാഷ്ട്രം തന്നെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്നുറപ്പാണ്. 1879ല്‍ ആണ് ജൂതന്മാര്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. ലോക സിയോനിസ്റ്റ് സമ്മേളനമാണത് തീരുമാനിച്ചത്. ജന്മനാട്ടില്‍ നിന്ന് അറബ് ജനതയെ ആട്ടിയോടിച്ചും കൊന്നും ചോരച്ചാലുകളില്‍ നിന്നാണ് ഇസ്‌റാഈല്‍ ജനിച്ചത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് ഗാസ 18.2 ലക്ഷമാണവിടെ ജനസംഖ്യ. 51 കിലോമീറ്റര്‍ ദൂരം ഇസ്‌റാഈലുമായി ഗാസ അതിര്‍ത്തി പങ്കിടുന്നു. മനഃസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏവരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ആക്രമണമാണ് ഇസ്‌റാഈല്‍ ഗാസയില്‍ അഴിച്ചുവിട്ടിട്ടുള്ളത്.
മര്യാദയും നിയമങ്ങളും മനുഷ്യത്വവും കാറ്റില്‍ പറത്തി നടത്തുന്ന ഈ നഗ്‌നമായ ആക്രമണങ്ങള്‍ തടയാന്‍ ലോകം ഒന്നടങ്കം ഇടപെട്ടെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ. സാമ്പത്തിക സൈനിക രാഷ്ട്രീയ ബന്ധങ്ങള്‍ അമേരിക്കയോടും ഇസ്‌റാഈലിനോടും വെച്ചു പുലര്‍ത്തുന്ന മിക്ക ലോക രാഷ്ട്രങ്ങളും അത്തരമൊരു പരിശ്രമത്തിന് മുതിരുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഫലസ്തീന്‍ എന്ന രാഷ്ട്രം ഭൂപടത്തില്‍ നിന്ന് വൈകാതെ മായ്ച്ചുകളയുകയാണ് ഈ ജൂത രാഷ്ട്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ അനീതിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്. ഇതെല്ലാം കണ്ട് കണ്ണടക്കുന്നവരുടെ ലോകമാണിത്.