രവീന്ദ്രന്റെ ആത്മഹത്യ: ബിന്ധ്യാസും റുക്‌സാനയും കുറ്റം സമ്മതിച്ചെന്ന് പോലീസ്

Posted on: August 4, 2014 2:10 am | Last updated: August 5, 2014 at 7:16 am

Bindyas-Thomas-തിരുവനന്തപുരം: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിന്ധ്യാസ് തോമസിനെയും റുക്‌സാന ബി ദാസിനെയും ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തെത്തിച്ചു.

പ്രതികളെ രവീന്ദ്രന്‍ മരണപ്പെട്ട വെഞ്ഞാറമൂട്ടിലെ വീട്ടിലും പണമിടപാട് നടന്ന സ്ഥലത്തും പാറശ്ശാലയില്‍ ഇവരെ പിടികൂടിയ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം കൊച്ചി ഐ ജി ഓഫീസില്‍ കീഴടങ്ങിയ ശേഷം ബിന്ധ്യാസിനെയും റുക്‌സാനയെയും ഡി സി പി. ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിയ വെഞ്ഞാറമൂട് സി ഐയുടെ നേതൃത്തിലുള്ള പോലീസ് സംഘത്തിന് കൈമാറിയ ഇവരെ രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഇവര്‍ ഒന്നും രണ്ടും പ്രതികളാണ്.
രവീന്ദ്രനുമായുള്ള കിടപ്പറ ദൃശ്യങ്ങളുടെ സി ഡിയും ഫോണ്‍ രേഖകളും ഇവര്‍ക്കെതിരെ തെളിവായി ലഭിച്ചിട്ടുണ്ടെന്ന് വെഞ്ഞാറമൂട് സി ഐ. എസ് വിജയന്‍ പറഞ്ഞു. രവീന്ദ്രന്റെ മരണത്തില്‍ ബിന്ധ്യാസിന്റെയും റുക്‌സാനയുടെയും പങ്ക് വ്യക്തമായതായും ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. എന്നാല്‍ പോലീസ് തങ്ങളുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നും പോലീസ് അനാവശ്യമായി തങ്ങളെ മര്‍ദിച്ച് വെള്ള പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവര്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യല്‍. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞ ബിന്ധ്യാസ് ശരത്ച്ചന്ദ്ര പ്രസാദിനും എ പി അബ്ദുല്ലക്കുട്ടിക്കും വന്‍തോതില്‍ പണമിടപാടുണ്ടെന്നും വ്യക്തമാക്കി. രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നും തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. രവീന്ദ്രന്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ല. സജികുമാറും വില്‍സണ്‍ പെരേരയുമാണ് രവീന്ദ്രന്റെ മരണത്തിന് പിറികില്‍. രവീന്ദ്രന് പല ഉന്നതരുമായി പണമിടപാടുണ്ടായിരുന്നു. രവീന്ദ്രന്‍ മരിക്കുക എന്നത് മറ്റ് പലരുടെയും ആവശ്യമായിരുന്നു. വില്‍സണ്‍ പെരേര പോലീസ് സ്‌റ്റേഷനില്‍വെച്ച് രവീന്ദ്രനെ ആക്രമിക്കുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇരുവരും കൂടുതല്‍ പേരുകള്‍ പോലീസിനോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
അതേസമയം ബ്ലാക്‌മെയില്‍ കേസിലെ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളടങ്ങുന്ന ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തായി. കഴിഞ്ഞ മാസം 13ന് ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ കത്ത് ഇതുവരെ പോലീസ് പുറത്തുവിട്ടിരുന്നില്ല. ‘ഞാന്‍ രവി, എനിക്ക് പറയാനുള്ളത് ഇതാണ്. ഞാന്‍ സജിയുമൊത്ത് ഒരു തവണയേ ഈ സംഭവത്തിന് പോയിട്ടുള്ളൂ. ഇപ്പോള്‍ എല്ലാം എന്റെ തലയിലാക്കുന്ന അവസ്ഥയായി. ഈ സംഗതി എനിക്ക് താങ്ങാകുന്നതിലപ്പുറമാണ്. ഇതിന്റെ യഥാര്‍ഥ കാരണക്കാരെ കണ്ടെത്തണം’. തുടങ്ങിയവയാണ് കത്തിലെ കുറിപ്പിലെ പരാമര്‍ശങ്ങള്‍. എന്നാല്‍ കത്തില്‍ ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമായിട്ടും രണ്ടാഴ്ചയിലേറെ കഴിഞ്ഞാണ് പോലീസ് ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുന്നത്.
അതേസമയം, തന്റെ മകളെ കേസില്‍ കുടുക്കിയതാണെന്നും ഗൂഢാലോചനക്ക് പിന്നില്‍ ഉന്നതരുണ്ടന്നും പ്രതി റുക്‌സാനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.